മലപ്പുറം: ജില്ല ആസ്ഥാനത്തെ നഗരസഭയാണ് മലപ്പുറം. ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷൻ, ജില്ല പൊലീസ് മേധാവി ഓഫിസ്, എം.എസ്.പി, കെ.എസ്.ആർ.ടി.സി ഡിപ്പോ, മറ്റ് സർക്കാർ ജില്ല ആസ്ഥാനങ്ങൾ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്ന കേന്ദ്രം. ഇതുകൊണ്ട് തന്നെ മലപ്പുറം നഗരസഭക്ക് പ്രാധാന്യമേറെയുണ്ട്. യു.ഡി.എഫ് മുന്നണിക്ക് മേൽക്കൈയുള്ള നഗരസഭയിൽ ഇടതുപക്ഷവും ഒട്ടും പിറകിലല്ല. ഒരു സീറ്റെങ്കിലും കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണ് എൻ.ഡി.എ കക്ഷികളുടെ നേതൃത്വത്തിൽ നടക്കുന്നത്. പ്രചാരണ പരിപാടികളുമായി മുന്നണികൾ മുന്നോട്ട് പോകുകയാണ്.
യു.ഡി.എഫിലെ മുസ്ലിം ലീഗിന് ഏറെ വേരോട്ടമുള്ള പ്രദേശത്ത് വീണ്ടും പച്ചക്കൊടി പാറിച്ച് അധികാരം നിലനിർത്താനാണ് നീക്കം. പ്രചാരണ പരിപാടികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2010നുശേഷം 2015ൽ ഇടതുപക്ഷത്തിന് മുൻവർഷത്തെ അപേക്ഷിച്ച് സീറ്റ് നില ഉയർത്താനായെന്നതും 2020ൽ അതേ സ്ഥിതി തുടരാനായെന്നതും ഇടതുപക്ഷത്തിന് കരുത്ത് പകരുന്നതാണ്. ഇത്തവണ കൂടുതൽ വാർഡുകളിൽ ചെങ്കൊടി ഉയർത്താനാകുമോ എന്നതാണ് ഇടതുപക്ഷം നോക്കുന്നത്. നിലവിൽ 15 സീറ്റുകളാണ് ഇടതുപക്ഷത്തിനുള്ളത്. സി.പി.എമ്മിന് 13, സി.പി.എം സ്വതന്ത്രന് ഒന്ന്, സി.പി.ഐക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്. ഇത്തവണ പ്രചാരണം ശക്തിപ്പെടുത്തി നിലവിലുള്ള വാർഡുകൾ കൂടാതെ മറ്റ് ചില വാർഡുകളിലും മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ഇടത് പ്രതീക്ഷ. 1995ൽ നഗരസഭ ഇടതുപക്ഷം പിടിച്ചിരുന്നു. പിന്നീട് യു.ഡി.എഫ് തിരിച്ച് പിടിക്കുകയായിരുന്നു.
2020ൽ നഷ്ടപ്പെട്ട വാർഡുകൾ തിരിച്ചുപിടിച്ച് കരുത്ത് വർധിപ്പിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. ഇതിനായി ഇടത് ശക്തി കേന്ദ്രങ്ങളിൽ സ്വതന്ത്ര ചിഹ്നത്തിൽ സ്ഥാനാർഥികളെ ഇറക്കി നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. 2020ൽ യു.ഡി.എഫിൽ മുസ്ലിം ലീഗിന് 23ഉം കോൺഗ്രസിന് രണ്ടും സീറ്റുകളാണ് ആകെ ലഭിച്ചിരുന്നത്. കഴിഞ്ഞ തവണ വാർഡുകളിൽ വോട്ട് നില ഉയർത്താൻ എൻ.ഡി.എ സ്ഥാനാർഥികൾക്ക് കഴിഞ്ഞിരുന്നു. കോട്ടപ്പടി, ചെറാട്ടുകുഴി വാർഡുകളിൽ രണ്ടാംസ്ഥാനത്തായിരുന്നു എൻ.ഡി.എ. ഇത്തവണ ഈ വാർഡുകളിലും ബാക്കി വരുന്നവയിലും കരുത്ത് കൂട്ടാൻ ശ്രമം നടക്കുകയാണ്.
കഴിഞ്ഞ തവണ 40 വാർഡുകളായിരുന്നെങ്കിൽ പുനർനിർണയം വന്നതോടെ 45 ആയി ഉയർന്നിട്ടുണ്ട്. 45 വാർഡുകളിലും മികച്ച സ്ഥാനാർഥികളെയാണ് മുന്നണികൾ നിയോഗിച്ചിരിക്കുന്നത്. ഇതിനിടെ ചില വാർഡുകളിൽ അപരൻമാരുടെ സ്ഥാനാർഥിത്വം മുന്നണികൾക്ക് തലവേദനയും സൃഷ്ടിക്കുന്നുണ്ട്. വാർഡ് മൂന്ന്, നാല്, 26, 27, 29, 32, 33, 40 എന്നിവിടങ്ങളിൽ അപരൻമാരുടെ ഭീഷണി നിലവിലുണ്ട്. അപരൻമാർ കൂടുതൽ വോട്ട് പിടിച്ചാൽ ഫലം മാറിമറിയാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.