താഴേക്കോട്: ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും സർവ തന്ത്രങ്ങളുമായാണ് താഴേക്കോട് തെരഞ്ഞെടുപ്പ് കളത്തിൽ. 2010 മുതൽ 2020 വരെ യു.ഡി.എഫ് ഭരണത്തിനുശേഷം കഴിഞ്ഞ അഞ്ചുവർഷം ഇവിടെ ഭരിക്കുന്നത് എൽ.ഡി.എഫാണ്. അത് നിലനിർത്തുകയെന്ന ലക്ഷ്യവുമായി എൽ.ഡി.എഫും തിരിച്ചു പിടിക്കുകയെന്ന ദൗത്യവുമായി യു.ഡി.എഫും ഇതിനകം നാലു റൗണ്ട് വരെ സ്ഥാനാർഥികളുമായി വീടുകളിലെത്തി വോട്ടുതേടി.
പാലക്കാട് ജില്ലയോട് ചേർന്നുകിടക്കുന്നതാണ് താഴേക്കോട് പഞ്ചായത്ത്. സി.പി.എമ്മിലെ കെ.പി. സോഫിയ അധ്യക്ഷയും മൊയ്തുപ്പു പിലാക്കൽ ഉപാധ്യക്ഷനുമായ ഭരണസമിതിയുടെ അഞ്ചുവർഷത്തെ നേട്ടങ്ങളാണ് എൽ.ഡി.എഫ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നത്. 2015 മുതൽ 2020 വരെ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ. നാസർമാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു ഇവിടെ. അതേസമയം നിയമസഭ, പാർലമന്റെ് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വ്യക്തമായ മേധാവിത്വമുണ്ടാവാറുണ്ട്. എൽ.ഡി.എഫിൽ മുഴുവൻ വാർഡിലും സി.പി.എം തന്നെയാണ് മത്സരിക്കുന്നത്.
സാധ്യത പരിഗണിച്ച് സ്വതന്ത്ര ചിഹ്നത്തിലും സ്ഥാനാർഥികളുണ്ട്. പാണമ്പി, കാപ്പുമുഖം, വെള്ളപ്പാറ, പുത്തൂർ, ഒമ്പാക്കൽ കുന്ന്, നെല്ലിപ്പറമ്പ്, കാപ്പുപറമ്പ്, കരിങ്കല്ലത്താണി, പുവ്വത്താണി, താഴേക്കോട്, മുതിരമണ്ണ, അത്തിക്കൽ എന്നിവിടങ്ങളിലാണ് സി.പി.എം വിജയിച്ചത്. യു.ഡി.എഫിൽ മുസ്ലിം ലീഗ് എട്ടിടത്തും മാട്ടറ വാർഡിൽ കോൺഗ്രസും വിജയിച്ചു.
പഴയ വാർഡുകളുടെ രൂപം പാടേ മാറി. പുതിയ ക്രമം ആർക്ക് ഗുണം ചെയ്യുമെന്ന് പറായാനാവാത്ത സ്ഥിതിയാണ്. ആദിവാസി മേഖലകളുള്ള പഞ്ചായത്ത് കൂടിയാണിത്. അഞ്ചു വാർഡിലാണ് കോൺഗ്രസ് മുൻവർഷം മത്സരിച്ചത്. വാർഡ് ഒന്ന്, 23 എന്നിവിടങ്ങളിൽ യു.ഡി.ഫ് സ്വതന്ത്രരാണ്. ശേഷിക്കുന്ന 17 വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളാണ്. ഇത്തവണ അധ്യക്ഷപദം ജനറലായതിനാൽ ഇരുഭാഗത്തും പരിചയസമ്പന്നർ മത്സര രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും മാറിമാറിതുണച്ചതാണ് താഴേക്കോട് പഞ്ചായത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.