ബീ​ന സ​ണ്ണി, സു​ലൈ​ഖാ​ബി

കുടുംബശ്രീക്ക് 25 വയസ്സ്: ഓർമകൾ പങ്കുവെച്ച് സുലൈഖാബിയും ബീന സണ്ണിയും

മലപ്പുറം: കുടുംബശ്രീക്ക് ചൊവ്വാഴ്ച 25 വയസ്സ് പൂർത്തിയാകുമ്പോൾ തുടക്കകാലത്ത് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നിരവധി പേരുണ്ട്. അവരിൽ പ്രധാനികളാണ് കോട്ടക്കൽ നഗരസഭ മുൻ ചെയർപേഴ്സൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനങ്ങൾ വഹിച്ചിരുന്ന ടി.വി. സുലൈഖാബി, പുഴക്കാട്ടിരി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബീന സണ്ണി എന്നിവർ.

കുടുംബശ്രീയിൽ പ്രവർത്തിച്ച നേതൃപാടവവും സാമൂഹിക ഇടപെടലും നിരവധി ജനപ്രതിനിധികളെയാണ് സൃഷ്ടിച്ചത്. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിൽ നിരവധി സ്ഥാനങ്ങളാണ് കുടുംബശ്രീ പ്രവർത്തകർ അലങ്കരിക്കുന്നത്. 1994കളിൽ സംസ്ഥാന സർക്കാർ ആരംഭിച്ച കമ്യൂണിറ്റി ബേസ്ഡ് ന്യൂട്രീഷൻ പ്രോഗ്രാം എന്ന പദ്ധതിയാണ് പിന്നീട് കുടുംബശ്രീയായി മാറിയത്.

ആലപ്പുഴ, മലപ്പുറം നഗരസഭകളിലാണ് പദ്ധതി പ്രവർത്തനം തുടങ്ങിയത്. പോഷകാഹാര കുറവ് നികത്തുന്നതിനുള്ള ഈ പദ്ധതി മലപ്പുറം നഗരസഭ സജീവമായി നടപ്പാക്കി. ബി.പി.എൽ കുടുംബങ്ങളെയാണ് പദ്ധതിയുടെ അയൽക്കൂട്ടങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. നിരക്ഷരർ, 300 മീറ്ററിനുള്ളിൽ കുടിവെള്ളം ലഭിക്കാത്തവർ, മാറാരോഗികളുള്ള കുടുംബം, വിവാഹപ്രായം കഴിഞ്ഞവരുള്ള കുടുംബം തുടങ്ങി ഏഴു ഘടകങ്ങളിൽ നാലെണ്ണമുള്ളവരെയാണ് ഇതിൽ ഉൾപ്പെടുത്തുക. പ്രസിഡന്‍റ്, സെക്രട്ടറി, കമ്യൂണിറ്റി വളന്‍റിയർ ഉൾപ്പെടെ 20 പേരാണ് അംഗങ്ങൾ.

ആഴ്ചയിൽ യോഗം ചേർന്ന് ചെറിയ തുക സ്വീകരിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ മലപ്പുറം നഗരസഭയിൽ സജീവമായി തുടർന്നു. ഈ പദ്ധതിയാണ് പിന്നീട് കുടുംബശ്രീയായി മാറിയത്. 1998ൽ മലപ്പുറം കോട്ടക്കുന്നിൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീയുടെ ആദ്യ ജില്ല സി.ഡി.എസ് ചെയർപേഴ്സനായിരുന്നു ബീന സണ്ണി. പിന്നീട് കുടുംബശ്രീയുടെ നയപരിപാടി തീരുമാനിക്കുന്ന ഗവേണിങ് ബോഡി അംഗമായി മാറി. വീട്ടിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചിരുന്ന അന്നത്തെ സ്ത്രീകളെ സംരംഭകയാക്കി മാറ്റുന്നതിലും സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിലും കുടുംബശ്രീ നിശ്ശബ്ദ വിപ്ലവമാണ് നയിച്ചതെന്ന് ബീന സണ്ണി പറയുന്നു.

കില ജില്ല റിസോഴ്സ് പേഴ്സൻ, ഹരിത കേരള മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുകയാണിവർ. കുടുംബശ്രീ പ്രവർത്തനം അടുക്കളകളിൽ മാത്രം കഴിഞ്ഞുകൂടിയിരുന്ന സ്ത്രീകളിൽ സമ്പാദ്യശീലവും വരുമാനവും കൊണ്ടുവരാൻ കഴിഞ്ഞെന്ന് ടി.വി. സുലൈഖാബി പറയുന്നു. കുടുംബശ്രീയുടെ തുടക്കകാലത്ത് അയൽക്കൂട്ടങ്ങൾ വഴി ചെറു തുകകൾ സമാഹരിച്ച് 250 രൂപയായപ്പോൾ ഒരു സ്ത്രീ ത‍‍െൻറ കൈപിടിച്ച് സന്തോഷംകൊണ്ട് കരഞ്ഞതായി സി.ബി.എൻ.പി പഞ്ചായത്ത്തല കോഓഡിനേറ്ററായിരുന്ന സുലൈഖാബി ഓർക്കുന്നു.

Tags:    
News Summary - Kudumbasree is 25 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.