മലപ്പുറം: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരം തേടുന്ന കുടുംബശ്രീ പദ്ധതിയായ ‘ക്രൈം മാപ്പിങ്’ സർവേയുടെ പുതിയ റിപ്പോർട്ട് പുറത്തു വന്നു. 2024-‘25 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ തെരഞ്ഞെടുത്ത ആറ് പഞ്ചായത്തുകളിൽ നടത്തിയ സാമ്പിൾ സർവേയിൽ 5735 സ്ത്രീകളിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. സർവേ റിപ്പോർട്ട് പ്രകാരം 3324 സ്ത്രീകൾ സാമ്പത്തിക അതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. 609 പേര് ശാരീരിക അതിക്രമത്തിനും 3090 പേര് ലൈംഗിക അതിക്രമത്തിനും ഇരയായതായും കണ്ടെത്തി.
ഓരോ സി.ഡി.എസിനു കീഴിലും പരിശീലനം ലഭിച്ച അഞ്ച് ആര്.പിമാരാണ് വിവരശേഖരണത്തിന് നേതൃത്വം നല്‍കിയത്. ആറ് തരം കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രൈം മാപ്പിങ് പദ്ധതി നടത്തിയത്. പഞ്ചായത്തിലെ ഓരോ വാർഡുകളിൽനിന്നും 50 കുടുംബശ്രീ, ഓക്സിലറി ഗ്രൂപ് അംഗങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. കാലടി, കുറുവ, വേങ്ങര, പോരൂര്‍, കുഴിമണ്ണ, കോഡൂര്‍ പഞ്ചായത്തുകളാണ് ക്രൈം മാപ്പിങ്ങിൽ ഇത്തവണ ഉൾപ്പെട്ടത്. അടുത്ത തവണ മറ്റു പഞ്ചായത്തുകളിലും സർവേ നടക്കും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ക്രൈം മാപ്പിങ്. ഓരോ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത പ്രയാസങ്ങളെയും അതിക്രമങ്ങളെയും ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് വ്യക്തമായി സ്വകാര്യതയോടെ അവർക്കെതിരെയുള്ള അതിക്രമങ്ങൾ തുറന്നു പറയാനുള്ള ഒരു പദ്ധതിയാണിത്.
ഓരോ അതിക്രമങ്ങളെയും വിശദമായി രേഖപ്പെടുത്തി തുടർനപടികൾ സ്വീകരിക്കും. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൻസ്, കമ്യൂണിറ്റി കൗൺസിലർമാർ എന്നിവർ മുഖേന പ്രത്യേകം തയാറാക്കിയ ചോദ്യാവലി വഴിയാണ് രഹസ്യത്മക സ്വഭാവം നിലനിർത്തി സർവേ നടത്തുന്നത്. വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് തലത്തിൽ റിപ്പോർട്ട് രൂപവത്കരിക്കുകയും തുടർന്ന് പദ്ധതി നിർദേശങ്ങൾ, പഞ്ചായത്ത് പദ്ധതി നിർദേശങ്ങൾ, സംയോജന പ്രവർത്തനങ്ങൾ എന്നിവ തയാറാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.