മലപ്പുറം: മഞ്ചേരി-തിരൂർ റൂട്ടിൽ കോവിഡ് സമയത്ത് നിർത്തിയ ബസുകൾ പുനരാരംഭിക്കാനാകാതെ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കുറവും സ്വകാര്യ ബസുകൾ വർധിച്ചതുമാണ് സർവിസുകൾ പുനരാരംഭിക്കാതിരിക്കാൻ കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ എം.എൽ.എമാർ വിഷയം ഉന്നയിച്ചിരുന്നു. സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ രണ്ട് സർവിസ് മാത്രമാണ് മലപ്പുറം ഡിപ്പോയിൽനിന്ന് തിരൂർ-മഞ്ചേരി റൂട്ടിൽ മുഴുവൻ സമയമുള്ളത്. കൂടാതെ രണ്ട് ബോണ്ട് സർവിസുകളുമുണ്ട്. മലപ്പുറം-വഴിക്കടവ് റൂട്ടിലോടുന്ന ബസിന്റെയും അരീക്കോട് വഴി കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്ന ബസിന്റെയും ഓരോ ട്രിപ് തിരൂർ-മഞ്ചേരി റൂട്ടിലുണ്ട്. തിരൂർ വഴി ഗുരുവായൂരിലേക്കും മലപ്പുറത്തുനിന്നും സർവിസുണ്ട്. വേങ്ങര വഴി പൊന്നാനിയിലേക്കുള്ള സർവിസ് വൈകീട്ട് മടങ്ങുന്നത് തിരൂർ വഴിയുമാണ്. പൊന്നാനി ഡിപ്പോയിൽനിന്ന് ഒരു സർവിസുണ്ട്. ഇത്രയുമാണ് നിലവിൽ മഞ്ചേരി-തിരൂർ റൂട്ടിലുള്ള സർവിസ്. നേരേത്ത, രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി സർവിസുകളുണ്ടായിരുന്നു. 20 മിനിറ്റ് ഇടവേളയിലായിരുന്നു ബസ് ഓടിയിരുന്നത്. നല്ല വരുമാനവുമുള്ള റൂട്ടായിരുന്നു.
കോവിഡിനെത്തുടർന്നാണ് സർവിസുകൾ നിർത്തിയത്. ഇവ പുനരാരംഭിക്കാൻ വൈകിയതോടെ സ്വകാര്യ ബസുകൾ പെർമിറ്റ് പുതുക്കി സർവിസ് ആരംഭിച്ചു. ഇപ്പോഴുള്ള സർവിസുകൾക്ക് വരുമാനവും കുറവാണ്. എന്നാൽ, മാർച്ച് അവസാനത്തോടെ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമ്പോൾ ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.