മലപ്പുറം: വെള്ളിയാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ ജില്ല. ഓരോ മണ്ഡലങ്ങളിലേക്കും കാര്യമായ പരിഗണനയുണ്ടാകുമെന്നാണ് എം.എൽ.എമാരുടെ പ്രതീക്ഷ. ഓരോ എം.എൽ.എമാരും പ്രധാന പദ്ധതികൾ സംബന്ധിച്ച പ്രൊപോസലുകൾ സമർപ്പിച്ചുണ്ട്. റോഡ് നവീകരണം മുതൽ പുതിയ പദ്ധതികൾ വരെ ഇവയിലുണ്ട്. ഇതിൽ എത്ര പദ്ധതികൾക്ക് അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളിൽ വിരലിലെണ്ണാവുന്ന പദ്ധതികൾക്കാണ് ചലനമുണ്ടായത്.
ഈ പദ്ധതികൾ പലതും ഭരണാനുമതിക്ക് കൈമാറിയിരിക്കുകയാണ്. 16 നിയമസഭ മണ്ഡലങ്ങളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. കഴിഞ്ഞ തവണ വള്ളിക്കുന്നിൽ 34 പദ്ധതികൾക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതിൽ മൂന്ന് പദ്ധതികളാണ് ഇപ്പോൾ ഭരണാനുമതിക്കായി സമർപ്പിച്ചത്. മലപ്പുറം മണ്ഡലത്തിൽ രണ്ട് പദ്ധതികൾക്കാണ് ചലനം വെച്ചത്. കെ.എസ്.ആർ.ടി.സി നവീകരണം, ടൗൺ സൗന്ദര്യവത്കരണം എന്നീ പദ്ധതികളാണ് പ്രാരംഭഘട്ട നടപടിക്ക് തുടക്കമായത്. കഴിഞ്ഞതവണത്തെ പ്രധാന വകയിരുത്തലുകളിൽ ഒന്നായ കാലിക്കറ്റ് സർവകലാശാലയിൽ മ്യൂസിയം ഓഫ് എമിനൻസ് എന്ന വിജ്ഞാന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി രേഖയും സമർപ്പിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക വെച്ച മലപ്പുറം റവന്യൂ ടവർ അടക്കം ഏതാനും പദ്ധതികൾ ഇപ്പോഴും പാതി വഴിയിൽ തന്നെയാണ്.
കോഴിക്കോട് വിമാനത്താവളത്തിലെ പ്രവേശന റോഡ് ആധുനികവത്കരിക്കുന്ന പ്രവൃത്തി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കൂടാതെ വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് നൽകിയത് വഴി നഷ്ടപ്പെട്ടവർക്ക് പുതിയ റോഡ് ഒരുക്കുന്നതിനും ബജറ്റിൽ പരിഗണനയുണ്ടാകണമെന്നതും നാടിന്റെ ആവശ്യമാണ്. വഴി നഷ്ടപ്പെട്ടത് കാരണം വിവിധ മേഖലകളിലെ 50ലധികം കുടുംബങ്ങൾ കൊണ്ടോട്ടി നഗരത്തിലെത്താൻ ബുദ്ധിമുട്ടുകയാണ്. കൊണ്ടോട്ടി മിനി സിവിൽ സ്റ്റേഷൻ സ്ഥലമെടുപ്പും കെട്ടിട നിർമാണവും പൈതൃക നഗരമെന്ന പ്രഖ്യാപനവും നാട് കാത്തിരിക്കുകയാണ്.
കഴിഞ്ഞ വർഷം ബജറ്റിൽ പ്രതിപാദിച്ച പൊന്നാനി തുറമുഖ വികസനം ഇത്തവണയും ബജറ്റിലുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. കഴിഞ്ഞതവണ ചരക്കുനീക്കം, ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് പൊന്നാനി ഉൾപ്പെടെ തുറമുഖങ്ങളുടെ വികസനത്തിന് 39.20 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരുന്നു. ടൂറിസം വികസന ഭാഗമായി പൊന്നാനിയിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള വലിയ ഇവന്റുകൾക്ക് വേദിയാകാൻ കഴിയുംവിധമുള്ള വിപുലമായ കൺവെൻഷൻ സെന്റർ വികസിപ്പിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുമെന്ന് ബജറ്റിൽ പറഞ്ഞിരുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. അന്തർദേശീയ ടൂറിസ്റ്റുകൾക്ക് സൗകര്യം ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആരംഭിക്കാൻ കഴിയാതെ പോയ പദ്ധതി ഇത്തവണയുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച പുഴകളിൽ നിന്നുള്ള മണലെടുപ്പ് ഇത്തവണയും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സർക്കാറിന് വരുമാനമാർഗം എന്ന നിലയിലായിരുന്നു ചാലിയാർ, കടലുണ്ടി, നിള എന്നിവിടങ്ങളിൽനിന്ന് മണലെടുപ്പിന് ആലോചിച്ചിരുന്നത്. ഇതുവഴി 200 ഓളം കോടി രൂപയാണ് വരുമാന ഇനത്തിൽ സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം യാഥാർഥ്യമായിരുന്നില്ല. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയില്‍നിന്ന് മണല്‍ വാരിയത്. ഇതിന് ശേഷം സാന്‍ഡ് ഓഡിറ്റ് നടത്തിയെങ്കിലും ചില കടവുകളില്‍നിന്ന് മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നിലനിന്നിരുന്നു.
2016ല്‍ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം മണല്‍ വാരല്‍ നടന്നില്ല. ഈ റിപ്പോര്‍ട്ടിന്റെ മൂന്ന് വര്‍ഷ കാലാവധി അവസാനിച്ചതോടെയാണ് 2019 ജനുവരി 24ന് വീണ്ടും ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. തുടർന്ന് നടപടികൾ നീളുകയായിരുന്നു.
ജില്ല ഏറെ പ്രതീക്ഷയോതെയാണ് പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് കാത്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 44 കോടിയും പ്രവാസി ക്ഷേമത്തിന് 28 കോടി നീക്കിവെച്ചിരുന്നു. പിന്നീട് കാര്യമായ തുടർനടപടികൾ ഇല്ലാതെ വന്നതോടെ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ഇത്തവണ ഇത് വീണ്ടും പരിഗണിക്കപ്പെടുമോ എന്നാണ് ജില്ല ഉറ്റുനോക്കുന്നത്.
തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങൾ കോര്‍ത്തിണക്കി നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ച നിർദിഷ്ട ടൂറിസം സാഹിത്യ സര്‍ക്യൂട്ട് ഇന്നും കടലാസിലാണ്. ഏറെ പ്രതീക്ഷയോടെയാണ് പദ്ധതി പ്രഖ്യാപനമുണ്ടായിരുന്നത്. നേരത്തെ 50 കോടി രൂപയാണ് സർക്യൂട്ടിന് അനുവദിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം പാലക്കാട് ജില്ലകളെ കോർത്തിണക്കിയുള്ള പദ്ധതി പാതി കിടക്കുകയാണ്. കൂടാതെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം, നവീകരണം, നഗര സൗന്ദര്യവത്കരണം തുടങ്ങിയവക്ക് പദ്ധതികളുണ്ടാകുമെന്നാണ് ജില്ലയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.