അസദുൽ ഇസ്ലാം
വീട് വിട്ടിറങ്ങിയ പെൺകുട്ടികൾക്ക് രക്ഷകനായി അസം സ്വദേശി
മഞ്ചേരി: അസമിൽനിന്ന് വീട്ടുകാരോട് പറയാതെ തിരുപ്പൂരിൽ ജോലി തേടിയിറങ്ങിയ മൂന്ന് പതിനഞ്ച് വയസ്സുകാരികൾക്ക് വഴികാട്ടിയും രക്ഷകനുമായി അസം സ്വദേശി അസദുൽ ഇസ്ലാം. ഞായറാഴ്ച രാത്രി 11 ഓടെയാണ് അസദുൽ ഇസ്ലാമും മറ്റ് രണ്ടുപേരും മൂന്ന് പെൺകുട്ടികളുമായി മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയത്. അസമിലെ ചിരാഗ് ജില്ലക്കാരായ പെൺകുട്ടികൾ വീട് വിട്ടിറങ്ങിയതായിരുന്നു.
മഞ്ചേരി ചെരണിയിലെ ചൈനീസ് ക്ലോത്തിങ് സ്ഥാപനത്തിൽ ജോലിചെയ്തുവരുകയാണ് 36കാരനായ അസദുൽ ഇസ്ലാം. അസമിലെ വീട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻറിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണുന്നത്. തുടർന്ന് ഇവരുമായി സംസാരിച്ചപ്പോഴാണ് വീട്ടുകാരറിയാതെ തിരുപ്പൂരിലെ മില്ലുകളിൽ ജോലി തേടിയിറങ്ങിയതാണെന്ന് മനസ്സിലായത്. മൂവരുടെയും കൈയിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും വീട്ടുകാർ വിളിച്ചപ്പോൾ ഒരിക്കൽപോലും എടുത്തില്ല. പരിചയമില്ലാത്ത സ്ഥലത്തിറങ്ങിയാൽ ഉണ്ടാകാനിടയുള്ള ചതിക്കുഴികളെക്കുറിച്ചും ഈ പ്രായത്തിൽ നേരിടേണ്ടിവരുന്ന അപകടങ്ങളെക്കുറിച്ചും അസദുൽ ബോധ്യപ്പെടുത്തി.
തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും, പെൺകുട്ടികളെ സുരക്ഷിതമായി മഞ്ചേരി സ്റ്റേഷനിൽ എത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു.പെൺകുട്ടികളെ ഉടൻതന്നെ മലപ്പുറത്തെ റെസ്ക്യൂ ഹോമായ ‘സ്നേഹിത’യിലേക്ക് മാറ്റി. ഒപ്പം അസമിലെ ചിരാഗ് ജില്ലയിലെ പൊലീസ് സ്റ്റേഷനിലും കുട്ടികളുടെ വീട്ടുകാരെയും വിവരം ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് കേരളത്തിലെത്തിയ വീട്ടുകാർ അവരെ സുരക്ഷിതമായി കൂട്ടിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.