മലപ്പുറം: തിമിർത്തു പെയ്യാൻ വെമ്പൽകൊണ്ട വേനൽ മഴ മാറി നിന്നു. കോട്ടപ്പടി മൈതാനിയിൽ ആഞ്ഞടിച്ച കുളിർകാറ്റിൽ പന്തുതട്ടാനിറങ്ങിയ ബൂട്ടുകൾ നോക്കി പ്രകൃതി പറഞ്ഞുകാണും ‘ഇനി നിങ്ങൾ കാറ്റായി ഇടിമിന്നലായി ഇവിടെ നിറഞ്ഞാടിയാലും’... ഇന്ത്യൻ ഫുട്ബാളിലെയും കേരള ടീമിലെയും ഒരുകാലത്തെ പേരുകേട്ട താര രാജാക്കന്മാർ വീണ്ടുമൊരു പന്താവേശം തീർത്തപ്പോൾ മലപ്പുറം ഒന്നാകെ ആവേശപ്രകമ്പനം ഇളക്കി മറിച്ചു.
ഐ.എം വിജയനും ആസിഫ് സഹീറും കുരികേശ് മാത്യവും കെ.ടി ചാക്കോയുമെല്ലാം ഒരിക്കൽ കൂടി പഴയ പടക്കുതിരകളായ കാഴ്ചക്കാണ് കോട്ടപ്പടി മൈതാനം സാക്ഷ്യം വഹിച്ചത്. കേരള പൊലീസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയൻ, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരുടെയും കൂട്ടുകാരുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച കോട്ടപ്പടിയിൽ നടത്തിയ സൗഹൃദ ഫുട്ബാളാണ് മനംകുളിർക്കുന്ന പന്താട്ടമൊരുക്കിയത്.
സൗഹൃദമത്സരത്തിൽ കേരള പൊലീസ് ലെജൻഡ്സ് ടീമും മലപ്പുറം വെറ്ററൻസുമാണ് നിറഞ്ഞുകളിച്ച് കാണികളുടെ മനം കുളിർപ്പിച്ചത്. ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും വിജയനും സംഘവും പന്തു തട്ടാൻ എത്തുമെന്നറിഞ്ഞ് കോട്ടപ്പടിയിൽ എത്തിയ നൂറുകണക്കിന് ആരാധകർ ഹാപ്പിയോടെയാണ് മടങ്ങിയത്.
വൈകീട്ട് 5.45ന് തുടങ്ങിയ മത്സരം പഴയ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. അരമണിക്കൂറിലധികം പുൽമൈതാനം നിറഞ്ഞ് കളിച്ച പഴയ പടക്കുതിരകളുടെ വീര്യം ചോരാത്ത മത്സരത്തിന് നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ വരവേറ്റത്. കളി തുടങ്ങി 10ാം മിനിറ്റിൽതന്നെ മലപ്പുറം വെറ്ററൻസിന്റെ ആസിഫ് സഹീറിന്റെ ചൂടുള്ള ഷോട്ട് കേരള പൊലീസ് ലെജൻഡ്സ് ഗോളി കെ.ടി. ചാക്കോ നെഞ്ചുറപ്പോടെ തടുത്തിട്ടു.
ഇരുവരും മത്സരത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. 16ാം മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ഐ.എം. വിജയൻ നീട്ടിയടിച്ച പന്ത് ഹബീബ് റഹ്മാൻ ഗോൾ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ചാക്കോയുടെ പ്രതിരോധം ഭേദിക്കാനായില്ല. ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും ഗോൾ വഴങ്ങാൻ ആരും ഒരുക്കമായിരുന്നില്ല.
കുരികേശ് മാത്യു, പി.പി. തോബിയാസ്, പി. ഹബീബ് റഹ്മാൻ, അലക്സ് എബ്രഹാം, എ. സക്കീർ തുടങ്ങിയ താരങ്ങളെല്ലാം പൊലീസ് ടീമിനായി ബൂട്ടുകെട്ടി. മലപ്പുറം വെറ്ററൻസിനെ കേരള മറഡോണ ആസിഫ് സഹീറിനൊപ്പം ശബീർ അലി, ജസീർ കാരണത്ത്, മുജീബ് അരിക്കോട്, മെഹബൂബ്, നൗഷാദ് പ്യാരി, യാസർ അറഫാത്ത്, ശരീഫ് തുടങ്ങിയ പ്രഗത്ഭ താരങ്ങളും അണിനിരന്നു.
മത്സരത്തിന് മുന്നോടിയായി നടന്ന യാത്രയയപ്പ് ചടങ്ങ് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. എസ്.പി ആർ. വിശ്വനാഥ്, എം.എസ്.പി കമാൻഡന്റ് എ.എസ്. രാജു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.