മലപ്പുറം: മലപ്പുറം ഗവ. വനിത ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിട നിർമാണം ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ജൂണിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നിർമാണ പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി 2025 ജനുവരി 23ന് തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കോളജ് കെട്ടിട നിർമാണ നടപടി ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് പ്രവൃത്തികൾ ഫെബ്രുവരിയോടെ തുടങ്ങി മേയ് മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. പിന്നീട് സാങ്കേതിക തടസ്സങ്ങളിൽ തട്ടി പ്രവൃത്തി നീളുകയായിരുന്നു.
വിഷയത്തിൽ നടപടിയെടുക്കണമെന്ന് കാണിച്ച് മാർച്ച് മാസം ആദ്യത്തോടെ പി. ഉബൈദുല്ല മന്ത്രിക്ക് എം.എൽ.എ കത്ത് നൽകി. എന്നാൽ, നടപടിയുണ്ടായില്ല. ഇക്കാര്യം വിശദമായി ചൂണ്ടിക്കാട്ടി എം.എൽ.എ ജൂൺ ആദ്യവാരത്തിലും കത്ത് നൽകിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രവൃത്തി വേഗത്തിലാക്കണമെന്നാണ് ആവശ്യം.
എന്നാൽ, ഇക്കാര്യത്തിലും മറുപടി ലഭിച്ചിട്ടില്ല. പ്രവൃത്തി നീണ്ടാൽ ഈ അധ്യയന വർഷവും കോളജിന് കെട്ടിടം യാഥാർഥ്യമാകില്ല. കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച 18 കോടി രൂപയുടെ കെട്ടിട നിർമാണമാണ് ആരംഭിക്കേണ്ടത്. നിലവിൽ ചുറ്റുമതിൽ നിർമാണത്തിനുള്ള 76 ലക്ഷം രൂപ കോളജ് വിദ്യാഭ്യാസ ഡയറക്ടർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.
കിഫ്ബിയിൽ നിന്നും 18 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഊരാളുങ്കൽ കമ്പനിക്ക് വർക്ക് ഓർഡർ നൽകിയിട്ടുള്ളത്. അക്കാദമിക് ബ്ലോക്കിന്റേയും കാന്റീൻ ബ്ലോക്കിന്റേയും നിർമാണ പ്രവൃത്തികളാണ് പ്രാഥമിക ഘട്ടത്തിൽ നടക്കുക. കാരത്തോട് ഇൻകെൽ വ്യവസായ പാർക്കിൽ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.30 കോടി രൂപയുടെ കെട്ടിട നിർമാണ പ്രവൃത്തികൾ നേരത്തെ പൂർത്തീകരിച്ചിട്ടുണ്ട്. പ്രവൃത്തി നീണ്ടുപോയാൽ ഇത്തവണയും വാടക കെട്ടിടത്തിൽ പഠനം തുടരേണ്ടി വരും. 2015-16 അധ്യയനവർഷത്തിലാണ് ഗവ. വനിത കോളജ് പ്രവർത്തനം ആരംഭിച്ചത്.
തുടക്കത്തിൽ കോട്ടപ്പടി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടർന്ന് മുണ്ടുപറമ്പ് ഗവ. കോളജിന് അടുത്തുള്ള വാടക കെട്ടിടത്തിലേക്കും പിന്നീട് കാവുങ്ങലിലെ വാടക കെട്ടിടത്തിലേക്കും മാറ്റി. നിലവിൽ കാവുങ്ങലിലാണ് പ്രവർത്തിക്കുന്നത്. വ്യവസായ പാർക്കിൽ നിർമാണം പൂർത്തിയായ രണ്ട് നില കെട്ടിടത്തിൽ പെയ്ന്റിങ് ജോലികളും പൂർത്തിയായിട്ടുണ്ട്. ഇനി ക്ലാസ് മുറികളിൽ ഫർണിച്ചറുകളും മറ്റ് സൗകര്യങ്ങളുമാണ് ഒരുക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.