മണ്ണുപ്പാടത്ത് കാട്ടാന തകർത്ത കിളിയമണ്ണിൽ അബ്ദുറഹ്മാന്റെ ഗേറ്റ്
നിലമ്പൂർ: ചാലിയാർ മണ്ണുപ്പാടത്ത് കാട്ടാനകൾ വീടിന്റെ ഗേറ്റ് തകർത്തു. റബർപാൽ ശേഖരിക്കുന്ന ബീപ്പകൾ മറിച്ചിടുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ 5.30 ഓടെയാണ് റോഡിനോട് ചേർന്ന ജനവാസ മേഖലയിൽ ആനകൾ ഭീതിവിതച്ചത്. മണ്ണുപ്പാടം ടൗണിനോട് ചേർന്ന കിളിയമണ്ണിൽ അബ്ദുറഹ്മാന്റെ വീടിന്റെ ഗേറ്റും മതിലുമാണ് തകർത്തത്. വീടിനുമുന്നിൽ നാശം വരുത്തിയശേഷം അടുക്കള ഭാഗത്തുകൂടിയാണ് കാട്ടാനകൾ സമീപത്തെ വനമേഖലയിലേക്ക് മടങ്ങിയത്. പുലർച്ച ടാപ്പിങ്ങിന് പോകുകയായിരുന്ന തൊഴിലാളികളും പ്രഭാത സവാരിക്കാരും റോഡിൽ കാട്ടാനകളെ കണ്ട് ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞദിവസം ഈ ഭാഗത്തെ തന്നെ പൂവ്വാടിയിൽ മണിയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനകൾ വീട്ടിൽ സ്ഥാപിച്ചിരുന്ന 2000 ലിറ്ററിന്റെ വാട്ടർ ടാങ്ക് നശിപ്പിച്ചതിന് പുറമെ വീട്ടുമുറ്റത്തെ അയയിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ ചവിട്ടി നശിപ്പിക്കയും റബർപാൽ സൂക്ഷിക്കുന്ന ബീപ്പകൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. കമുക് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു. വീട്ടുമുറ്റങ്ങളിലേക്ക് ഭയമില്ലാതെ കാട്ടാനകൾ എത്തി തുടങ്ങിയത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. മണ്ണു പ്പാടം, മൈലാടി ഭാഗങ്ങളിലായി 300ലേറെ കുടുംബങ്ങളാണ് കാട്ടാന ഭീതിയിൽ കഴിയുന്നത്. കഴിഞ്ഞദിവസം രണ്ട് ആനകൾ മൈലാടിയിലൂടെ നടന്നുനീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.