മലപ്പുറം: കോട്ടക്കുന്ന് ഡി.ടി.പി.സി പാർക്കിന് താഴെ മണ്ണിടിച്ചിലുണ്ടായിട്ട് നാലാം വർഷത്തിലേക്ക്. ഇത്തരം അപകടം ഒഴിവാക്കാനായി സ്ഥലത്ത് പ്രഖ്യാപിച്ച അഴുക്കുചാൽ നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. 2022 ആഗസ്റ്റിൽ റവന്യു മന്ത്രി കെ. രാജനാണ് മഴവെള്ളം ഒഴുകിപോകാന്‍ അഴുക്കുചാൽ സംവിധാനം നിർമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അറിയിച്ചത്. നിയമസഭയിൽ പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിനാണ് റവന്യു മന്ത്രി ഇക്കാര്യം അറിയിച്ചത്.
തുടർന്ന് ജില്ല ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ അഴുക്കുചാൽ നിര്‍മിക്കാന്‍ കോണ്ടൂര് സര്‍വേ (ചരിഞ്ഞ പ്രതലത്തിലെ ഭൂമി സര്‍വേ) നടത്താനും നിശ്ചയിച്ചു. കോണ്ടൂര് സര്‍വേ പൂർത്തിയാക്കി റിപ്പോർട്ട് ജില്ല ഭരണകൂടത്തിന് സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം ജില്ല കലക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നഗരസഭ ഓവർസിയർ സ്ഥലം സന്ദർശിച്ച് പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി നൽകി. 2.15 കോടിയുടെ എസ്റ്റിമേറ്റാണ് അഴുക്കുചാലിനായി തയാറാക്കിയത്.
എന്നാൽ എസ്റ്റിമേറ്റിന് അംഗീകാരം നൽകി തുടർനടപടികൾ ഇപ്പോഴും കടലാസിലാണ്. ശക്തമായി മഴ പെയ്താൽ പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
മഴ കനത്താൽ
പ്രദേശത്തുകാർ മാറണം
ശക്തമായ മഴ പെയ്താല്‍ കോട്ടക്കുന്നിലെ 15ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ് പതിവ്. 2019ല്‍ നടന്ന ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് ഒരു മണിയോടെയാണ് കോട്ടക്കുന്ന് മണ്ണിടിച്ചിനെ തുടര്‍ന്നാണ് പ്രദേശവാസികളെ മഴക്കാലത്ത് മാറ്റി പാര്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
സംഭവത്തില്‍ അന്ന് പാര്ക്കിന് താഴെ ഭാഗത്തായി താമസിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്. കനത്ത മഴയിൽ ഡി.ടി.പി.സി പാർക്കിലെ താഴെ ഭാഗത്തെ നടപാത ഉൾപ്പെട്ട ഒരു വശമാണ് മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. ദുരന്തം നടന്ന 2019ൽ പ്രദേശത്തെ കുടുംബങ്ങളെ മലപ്പുറം എം.എസ്.പി സ്കൂളിലേക്ക് മാറ്റിയിരുന്നു.
സ്കൂൾ തുറന്നതോടെ മുൻ നഗരസഭാധ്യക്ഷന്റെ മൈലപ്പുറത്തെ വീട് ദുരിതാശ്വാസ ക്യാമ്പാക്കി. ഇവിടെ ഏഴു കുടുംബങ്ങൾ മാസങ്ങളോളം കഴിഞ്ഞു. മറ്റുള്ളവർ വാടക വീട്ടിലും ബന്ധുവീടികളിലുമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ മഴ വരുമ്പോൾ നഗരസഭ കുന്നുമ്മല്‍ ടൗണ്‍ഹാളിലാണ് താത്കാലികമായി ക്യാമ്പ് ഒരുക്കിയത്.
മണ്ണിടിച്ചിലിന് കാരണം
നീരൊഴുക്ക് തടസ്സപ്പെട്ടത്
മുകൾ ഭാഗത്തെ വെള്ളം ഒഴുകാനുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതാണ് കോട്ടക്കുന്നിലെ മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ്(സി.എസ്.ആർ.ഡി.) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ല ഭരണകൂടം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്ഥലത്ത് കോണ്ടൂര് സര്‍വേയും എസ്റ്റിമേറ്റ് നടപടികളും പൂർത്തിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.