മലപ്പുറം: മേൽമുറി എം.എം.ഇ.ടി സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. വ്യാഴാഴ്ച സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച ഒമ്പത് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂൾ വിട്ട് വീട്ടിലെത്തിയതിന് ശേഷമാണ് കൂടുതൽ കുട്ടികൾക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ കാണിച്ച വിദ്യാർഥികൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ചികിത്സ നേടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഉച്ചക്ക് നൽകിയ ഭക്ഷണത്തിൽ നിന്ന് അസാധാരണമായി മണം വന്നിരുന്നതായും കഴിച്ച് കുറച്ച് സമയത്തിനകം ശാരീരിക അസ്വസ്ഥത വന്നിരുന്നതായും ചില കുട്ടികൾ പറഞ്ഞിട്ടുണ്ട്.
അതേസമയം ശാരീരിക ബുദ്ധിമുട്ട് വന്ന എല്ലാ കുട്ടികളും ചികിത്സ തേടിയിട്ടുണ്ടെന്നും സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്ന് തന്നെയാണോ ഭക്ഷ്യവിഷബാധയേറ്റതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു. ചികിത്സ തേടി സുഖംപ്രാപിച്ച കുട്ടികൾ വീട്ടിലേക്ക് പോയിട്ടുണ്ട്. വീടുകളിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിദ്യാർഥികൾ പങ്കുവെച്ച് കഴിക്കാറുണ്ടെന്നും ഭക്ഷണം കഴിച്ച ഭൂരിഭാഗം കുട്ടികൾക്കും ആരോഗ്യ പ്രശ്നങ്ങൾ വന്നിട്ടില്ലെന്നും സ്കൂളുമായി ബന്ധപ്പെവർ പറഞ്ഞു.
സ്കൂളിലെ ഭക്ഷ്യവിഷബാധയെ കുറിച്ച് വെള്ളിയാഴ്ച വൈകീട്ടുവരെ സ്കൂൾ അധികൃതരോ ബന്ധപ്പെട്ടവരോ ഭക്ഷ്യസുരക്ഷ ഓഫിസിൽ വിവരം നൽകിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുമെന്നും മലപ്പുറം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.