‘മാധ്യമം’ മീഡിയ പാർട്ണറായി വേങ്ങരയിൽ സംഘടിപ്പിച്ച ‘ഫുഡ് ആൻഡ് ബാൾ കാർണിവൽ’ ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ ക്ലബുകളിലും സന്തോഷ് ട്രോഫിയിലും കളിച്ച താരങ്ങളായ ഫിറോസ് കളത്തിങ്ങൽ, സിറാജുദ്ദീൻ ചെമ്മിളി, അഹമ്മദ് മാലിക്, ഒ.കെ. ജാവേദ്, ടി. ഫൈസൽ, കെ.കെ. സലീൽ, പി.കെ. നസീബ് എന്നിവർ ഫുട്ബാൾ കിക്കെടുത്ത് ഉദ്ഘാടനം ചെയ്യുന്നു. ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ കെ. നഈം, ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ എന്നിവർ സമീപം
വേങ്ങര: കാൽപന്ത് മൈതാനത്ത് ജില്ലയെ അടയാളപ്പെടുത്തിയ പ്രമുഖ താരങ്ങൾ വാനിലേക്ക് പന്ത് പറത്തിയതോടെ വേങ്ങരയുടെ ജനകീയോത്സവം 'ഫുഡ് ആൻഡ് ബാളി'ന് സബാഹ് സ്ക്വയറിൽ തിരശ്ശീല ഉയർന്നു. ഭക്ഷ്യമേളയുടെ രുചിഭേദങ്ങൾക്കൊപ്പം കാൽപന്തുകളിയുടെ വിശ്വമേളയും ആസ്വദിക്കാൻ അവസരമൊരുക്കുന്ന ആഘോഷമേളക്ക് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് തുടക്കമായത്.
കാർണിവൽ നഗരിയുടെ ഉദ്ഘാടനം വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ നിർവഹിക്കുന്നു
'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിക്കുന്നതാണ് പരിപാടി. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ ക്ലബുകളിലും സന്തോഷ് ട്രോഫിയിലും ബൂട്ട് കെട്ടിയ താരങ്ങളായ ഫിറോസ് കളത്തിങ്ങൽ, സിറാജുദ്ദീൻ ചെമ്മിളി, അഹമ്മദ് മാലിക്, ഒ.കെ. ജാവേദ്, ടി. ഫൈസൽ, കെ.കെ. സലീൽ, പി.കെ. നസീബ് എന്നിവർ ചേർന്നാണ് പന്ത് വാനിലേക്ക് പായിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തത്.
ഫുഡ് ആൻഡ് ബാൾ കാർണിവലിൽ പൂളകാക്കക്ക് (യു.കെ. അബ്ദുറഹ്മാൻ) ആദര സൂചകമായി അദ്ദേഹത്തിന്റെ മകൻ സൈദിന് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ഉപഹാരം നൽകുന്നു
മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. വേങ്ങര മണ്ഡലത്തിൽനിന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ബൂട്ടണിഞ്ഞ താരങ്ങളെ പ്രത്യേകം ആദരിച്ചു. താരങ്ങളായ ടി. ഫൈസൽ, സുബൈർ, ആസിഫ്, മുഹമ്മദ് ഷാഫി എന്നിവർ ആദരം ഏറ്റുവാങ്ങി.
ഫുഡ് ആൻഡ് ബാൾ കാർണിവലിൽ ഫുട്ബാൾ ക്വിസ് മത്സരത്തിലെ വിജയികൾക്ക് മാധ്യമം മലപ്പുറം ബ്യൂറോ ചീഫ് സമീൽ ഇല്ലിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
വേങ്ങര പ്രദേശങ്ങളിൽ നിരവധി ഫുട്ബാൾ താരങ്ങളെ സൃഷ്ടിച്ച സെവൻസ് ഫുട്ബാൾ ഗാലറികളിൽ നിറസാന്നിധ്യമായിരുന്ന 'പൂളകാക്ക' എന്ന അബ്ദുറഹ്മാൻ ഹാജിക്കുള്ള ഉപഹാരം ആദരസൂചകമായി മകൻ സൈദ് ഏറ്റുവാങ്ങി. ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ, ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ കെ. നഈം, ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ബ്ലോക്ക് അംഗം അസീസ് പറങ്ങോടത്ത്, വാർഡ് അംഗം ഹംസ, കെ.വി.വി.എസ് സെക്രട്ടറി സൈനുദ്ദീൻ ഹാജി, വത്സൽകുമാർ എന്നിവർ വിവിധ താരങ്ങളെ ആദരിച്ചു.
ബിഗ് സ്ക്രീനിൽ ബ്രസീൽ-ക്രൊയേഷ്യ മത്സരം വീക്ഷിക്കുന്നവർ
ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ, സെമി, ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്ന ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ കാർണിവൽ ആരംഭിക്കും. വേദി കാമറവലയത്തിലും പ്രദേശം ലഹരിമുക്ത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് കളികാണാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേക അമ്യൂസ്മെന്റ് കോർണറും നഗരിയിൽ സജ്ജമാണ്.
വേങ്ങര: പട്ടണ വീഥികൾക്ക് കളിയുടെ ആവേശം പകർന്ന് ലോകകപ്പ് കലാശപ്പോരിനെ സ്വാഗതം ചെയ്ത് ഫുഡ് ആൻഡ് ബാൾ ഘോഷയാത്ര. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ലിയാന കോംപ്ലക്സ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര കുറ്റാളൂർ സബാഹ് സ്ക്വയറിൽ സമാപിച്ചു. നാസിക് ഡോളിന്‍റെ താളമേളങ്ങളോടെയുള്ള ഘോഷയാത്രയിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക കായിക താരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
ഫുഡ് ആൻഡ് ബാൾ കാർണിവലിന്‍റെ ഭാഗമായി വേങ്ങരയിൽ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ നടത്തിയ ഘോഷയാത്ര
റോഡിന് ഇരുവശവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ ഘോഷയാത്ര കാണാൻ എത്തിയിരുന്നു. പി.പി.ടി.എം വൈ.എച്ച്.എസ്.എസ് ചേറൂർ, വേങ്ങര ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ എന്നിവർ പ്രിയപ്പെട്ട രാജ്യങ്ങളുടെ പതാകയേന്തി, ജഴ്സിയണിഞ്ഞ് ഘോഷയാത്രയിൽ പങ്കാളിയായി.
മാധ്യമം ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, ന്യൂസ് എഡിറ്റർ ഇനാമുറഹ്മാൻ, ബ്യൂറോ ചീഫ് സമീൽ ഇല്ലിക്കൽ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.കെ. അസ്ലു, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. ബഷീർ, യു. സുലൈമാൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ കെ. നയീം, സുലൈമാൻ ഊരകം, സൈദു പുലാശ്ശേരി, വൈറ്റ് മാർട്ട് മാർക്കറ്റിങ് മാനേജർ ഡഗ്ലസ് പ്രകാശ്യ, വ്യാപാരി വ്യവസായി നേതാക്കളായ അസീസ് ഹാജി, സൈനുദ്ദീൻ ഹാജി, എ.കെ. നസീർ, പൗരസമിതി പ്രസിഡൻറ് എം.കെ. റസാഖ് എന്നിവർ പങ്കെടുത്തു. കാർണിവൽ നഗരിയുടെ ഉദ്ഘാടനം സബാഹ് സ്ക്വയർ പ്രവേശന കവാടത്തിന് മുന്നിൽ വേങ്ങര എസ്.എച്ച്.ഒ എം. മുഹമ്മദ് ഹനീഫ നിർവഹിച്ചു.
വേങ്ങര: ഫുഡ് ആൻ ബാൾ കാർണിവൽ നഗരിയിൽ കളിയാസ്വാദകരെ കാത്ത് കൊതിയൂറും വിഭവങ്ങൾ. വിവിധ തരം പുട്ട്, ദോശ, ഐസ്ക്രീം, ഐസ്, കൽമാസ്, ഇറാനി പോള, ഇറച്ചികേക്ക്, കല്ലുമ്മക്കായ, ബിരിയാണി, പൊറോട്ട തുടങ്ങി രുചികരമായ ഭക്ഷണ വിഭവങ്ങളുടെ കലവറയാണ് നഗരിയിൽ ഒരുക്കിയത്. 15ഓളം സ്റ്റാളുകളാണ് ഇതിനായി സജ്ജീകരിച്ചത്.
ഫുഡ് ആൻഡ് ബാൾ കാർണിവലിൽ ഒരുക്കിയ ഫുഡ്കോർട്ട്
ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രഷർ, പ്രമേഹം പരിശോധന ക്യാമ്പും ഒരുക്കിയിട്ടുണ്ട്.
വേങ്ങര: സബാഹ് സ്ക്വയറിലെ നഗരിയിൽ ഫുഡ് ആൻഡ് ബാൾ കാർണിവലിന്‍റെ ഭാഗമായി കുട്ടികളുടെ പാർക്ക് തുറന്നു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, കാർണിവലിനെത്തിയ കുട്ടികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലോകകപ്പ് മത്സരമുള്ള ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ പ്രവർത്തനം ആരംഭിക്കും.
കാർണിവൽ ആരംഭം: വൈകീട്ട് നാലുമണി
മിനി സ്റ്റേജിൽ വിവിധ പരിപാടികൾ: അഞ്ചുമുതൽ
മാസ്റ്റർ ഷെഫ്, ഡെസേർട്ട് മാസ്റ്റർ മത്സരങ്ങൾ: വൈകീട്ട് 4.00
ഫുട്ബാൾ സ്ക്രീനിങ്: 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.