മേലാറ്റൂർ: ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നശിച്ച മാലിന്യാവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. പാതി കത്തിയ മാലിന്യം ഉൾപ്പെടെയുള്ളവയാണ് ചൊവ്വാഴ്ച വാഹനങ്ങളിൽ കയറ്റി അയക്കാൻ തുടങ്ങിയത്. ഇവ സഥിരമായി കൊണ്ടുപോകുന്ന കമ്പനിയുടെ പ്ലാന്റുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യനീക്കം പുരോഗമിക്കുന്നത്. ഒറ്റ ദിവസം രണ്ട് ടൺ മാലിന്യമാണ് കയറ്റിപോയത്. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ 15 ടണ്ണോളം മാലിന്യമാണ് കത്തിയമർന്നത്. ബാക്കിവരുന്ന മാലിന്യം കൂടി അടുത്ത ദിവസങ്ങളിൽ നീക്കും.
മേലാറ്റൂർ: മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയുടെ ഫലമാണെന്ന് വെൽഫെയർ പാർട്ടി. ചൂട് കാലത്തും മുന്നൊരുക്കമോ സജ്ജീകരണങ്ങളോ ഇല്ലാതെയും, മാലിന്യ കേന്ദ്രത്തിന് നൂറു മീറ്റർ മാത്രം അകലെ താമസിക്കുന്ന വീട്ടുകാരുടെ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്താതെയും, പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഫലമായാണ് തീപിടിത്തമുണ്ടായതെന്ന് വെൽഫെയർ പാർട്ടി മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ശാസ്ത്രീയമായി മാലിന്യം സാംസ്കാരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ബാബു, സെക്രട്ടറി അഷ്റഫ് ഒലിപ്പുഴ, ബന്ന ചന്തപ്പടി, മജീദ് വേങ്ങൂർ, ജംഷീർ ചെമ്മാണിയോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.