ഒടുവിൽ വേങ്ങര ഫയർ സ്റ്റേഷന് ഭരണാനുമതി
വേങ്ങര: മണ്ഡലത്തിൽ സ്ഥാപിക്കുന്ന ഫയർ സ്റ്റേഷന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ.എം. ഷാജിയുടെ ഓഫിസ് അറിയിച്ചു. ദേശീയപാതയോട് ചേർന്ന് കൊളപ്പുറത്ത് പനമ്പുഴ റോഡിൽ ഹൈസ്കൂളിനു സമീപം പൊതുമരാമത്ത് വിട്ടുനൽകിയ 40 സെന്റിലാണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. 2015ൽ പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥലം എം.എൽ.എയും വ്യവസായ മന്ത്രിയുമായ കാലത്താണ് മണ്ഡലത്തിലേക്ക് ഫയർ സ്റ്റേഷൻ അനുവദിച്ചത്.
തുടക്കത്തിൽ എ.ആർ നഗർ കുന്നുംപുറത്ത് പ്രാഥമിക ആരോഗ്യകേന്ദ്ര വളപ്പിൽ സ്ഥാപിക്കാൻ നടപടിയായിരുന്നെങ്കിലും പി.എച്ച്.സിയുടെ പിന്നീടുള്ള വികസനത്തിന് ഫയർ സ്റ്റേഷൻ തടസ്സമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ദേശീയ പാതയോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉടമയിലുള്ള 40 സെന്റ് ഭൂമി കണ്ടെത്തി. ഇത് അപര്യാപ്തമായതിനാൽ തൊട്ടടുത്തു ഭൂഉടമയും ഭൂമി വിട്ടുനൽകി. ഇതേ തുടർന്ന് കഴിഞ്ഞ സർക്കാറിന്റെ കാലത്തുതന്നെ പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
സാങ്കേതിക അനുമതി കൂടി പെട്ടെന്ന് നേടി ഒരു മാസത്തിനകം തറക്കല്ലിടൽ നടത്തുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, 2016ൽ വേങ്ങര ഫയർ ഓഫിസിലേക്ക് ഒരു സ്റ്റേഷൻ ഓഫിസർ, അസിസ്റ്റന്റ് ഓഫിസർ, നാല് ലീഡിങ് ഫയർമാൻമാർ, ഒരു ഡ്രൈവർ കം മെക്കാനിക്, ഏഴ് ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപറേറ്റർ, 24 ഫയർമാൻമാർ, എൽ.ഡി ക്ലർക്ക്, പി.ടി.എസ് അടക്കം 40 ജീവനക്കാരുടെ തസ്തികയും വാഹനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും അനുവദിച്ചതാണ്.
പ്രവർത്തനം തുടങ്ങാൻ താൽക്കാലികമായെങ്കിലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് വേങ്ങര അഗ്‌നി രക്ഷസേന ഓഫിസ് നീണ്ടുപോവാനിടയാക്കിയത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ വേങ്ങര, കോട്ടക്കൽ, തിരൂരങ്ങാടി, കാലിക്കറ്റ് യൂനിവേഴ്സിറ്റി, കൊണ്ടോട്ടി, കാലിക്കറ്റ് എയർപോർട്ട്, ചേളാരി ഗ്യാസ് പ്ലാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നതാണ് നിർദിഷ്ട ഫയർ സ്റ്റേഷൻ. കരിപ്പൂർ വിമാനാപകടം, താനൂർ ബോട്ടപകടം എന്നീ ദുരന്തങ്ങൾ നടന്ന സമയത്ത് ഇവിടെ ഫയർ സ്റ്റേഷൻ വേണ്ടതിന്റെ പ്രാധാന്യം മനസ്സിലായതാണ്. ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് നിർമാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി കെ.എം. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.