മലപ്പുറം നഗരസഭ പ്രദേശത്ത് വിദ്യാർഥികളുടെ മത്സരപരീക്ഷകളുടെ ചെലവുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന ഫീസ് ഫ്രീ പദ്ധതി ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം രാജ്യത്തെ ആദ്യ ഫീസ് ഫ്രീ നഗരസഭ
മലപ്പുറം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലകളിലും ഉൾപ്പെടെ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറത്തുണ്ടായ മുന്നേറ്റം രാജ്യ തലസ്ഥാന നഗരിയിൽ നേരിട്ട് പ്രകടമാകുന്നുണ്ടെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. മലപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫീസ് ഫ്രീ നഗരസഭ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലസ്ഥാനനഗരിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ സർവകലാശാല ഉൾപ്പെടെയുള്ള ഇടങ്ങളിൽ മാത്രം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഉന്നത പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട് എത്തുന്നത്. സമൂഹത്തിൽ മൊത്തത്തിൽ ഉണ്ടായ വിദ്യാഭ്യാസ ഉണർവും മലപ്പുറം നഗരസഭ പോലുള്ള പ്രാദേശിക ഭരണകൂടങ്ങൾ കാഴ്ചപാടോടുകൂടി നടപ്പാക്കിയ പദ്ധതികളുടെയും കൂടി ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഒരു തദ്ദേശ സ്ഥാപനം പ്രദേശത്തെ മുഴുവൻ വിദ്യാർഥികളുടെയും മത്സരപരീക്ഷകളുടെ ചെലവ് ഏറ്റെടുക്കുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. ഭരണകൂടങ്ങളുടെ പ്രവർത്തന മേഖലയിൽ പുതിയ മാതൃകകളും ആശയങ്ങളുമാണ് സമൂഹത്തിന് ഗുണകരമായ രീതിയിൽ നടപ്പിലാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അതത് പ്രദേശത്ത് മുഴുവൻ വിദ്യാർഥികൾക്കും ഈ രീതിയിൽ പ്രവേശന പരീക്ഷകൾക്ക് സംവിധാനം ഒരുക്കിയാൽ മലപ്പുറം ലോകോത്തര നിലവാരത്തിലുള്ള പ്രദേശമായി മാറാൻ എളുപ്പം വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭ പ്രദേശത്തെ മുഴുവൻ ഗവ. സ്കൂളുകളിലെയും വിദ്യാർഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ്,എൻ.എം.എസ്.എസ്, കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയായ സി.യു.ഇ.ടി, പി.എസ്.സി പരിശീലനം, സാക്ഷരത തുല്യത പരീക്ഷ തുടങ്ങിയ മുഴുവൻ പരീക്ഷകളുടെയും, പാഠ്യേതര മേഖലയിൽ ഒപ്പന, കർണാട്ടിക് സംഗീതം, മാപ്പിളപ്പാട്ട്, ഫുട്ബാൾ, ഹോക്കി, ടേബിൾ ടെന്നീസ്, കളരി എന്നീ പരിശീലനങ്ങൾക്കുള്ള ഫീസുകളും നഗരസഭയാണ് വഹിക്കുന്നത്. പദ്ധതി മുഖാന്തരം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മുന്നൂറോളം വിദ്യാർത്ഥികൾ കേന്ദ്ര സർവകലാശാലകളിൽ മാത്രം പ്രവേശനം നേടി.
എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എസ്.എസ് പരീക്ഷകളിലും റെക്കോർഡ് മുന്നേറ്റമാണ് പദ്ധതി വഴി രണ്ടുവർഷത്തിനിടയിൽ മലപ്പുറം നേടിയത്. ചെറിയ പ്രായം മുതൽ സ്കൂൾ വിദ്യാർഥികളെ മത്സരപരീക്ഷക്ക് പ്രാപ്തമാക്കി സിവിൽ സർവീസ് ഉൾപ്പെടെ പരീക്ഷകളിലേക്ക് വിദ്യാർഥികളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടുവന്ന് വിദ്യാഭ്യാസ മുന്നേറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണ് ഇതുവഴി നഗരസഭ വിഭാവനം ചെയ്യുന്നത്.
നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ പി.കെ.അബ്ദുൽ ഹക്കീം, പി.കെ. സക്കീർ ഹുസൈൻ, മറിയുമ്മ ശരീഫ്, സി.പി. ആയിശാബി, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, എൻ. സ്കൂൾ ഡയറക്ടർ പി.വി.അഹമ്മദ് സാജു, കൗൺസിലർമാരായ സി.സുരേഷ്, എ.പി.ശിഹാബ്, മഹ്മൂദ് കോതേങ്ങൽ, സുഹൈൽ ഇടവഴിക്കൽ, ഇ.കെ.ജാസിർ, ഐ.സി.ഐ.സി.ഐ റീജിയണൽ ഹെഡ് ജയചന്ദ്രൻ, ബ്രാഞ്ച് മാനേജർ സജിൻ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.കെ.ബാവ, പൊതുവിദ്യാഭ്യാസ വകുപ്പ് റിസോഴ്സ് പേഴ്സൺ ജിയാസ് മഹമ്മദ്, പ്രോഗ്രാം കോഓഡിനേറ്റർ എം. ജൗഹർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.