പെരുമ്പടപ്പ്: രണ്ട് പതിറ്റാണ്ട് തരിശുകിടന്ന പാലപ്പെട്ടി അരൊടിപ്പാടം ഇനി പച്ചപ്പണിയും. തരിശുരഹിത പഞ്ചായത്തിെൻറ ഭാഗമായാണ് തരിശുഭൂമിയിൽ കൃഷിയിറക്കിയത്. രണ്ട് പതിറ്റാണ്ടിലേറെ തരിശുകിടന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി അരൊടിപ്പാടത്ത് വീണ്ടും കൃഷിയിറക്കുമ്പോൾ പ്രതിസന്ധികൾ ഏറെയായിരുന്നു. കറുകപ്പുല്ല് വളർന്ന് കാടുപിടിച്ചു കിടന്ന സ്ഥലത്ത് അരൊടിപ്പാടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. കാടുമൂടിയ സ്ഥലം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചാണ് കൃഷിയോഗ്യമാക്കിയത്.
പ്രവാസിയായിരുന്ന മജീദ് പാലപ്പെട്ടിയുടെ നേതൃത്വത്തിൽ റിജു ബാബുരാജ്, ഫസലു എന്നിവർ ചേർന്നാണ് പ്രദേശത്തെ കാർഷിക സമൃദ്ധിയെ തിരികെ പിടിക്കുന്നത്.
മജീദിെൻറ ഉടമസ്ഥതയിലുള്ള സ്ഥലവും സമീപത്തെ സ്ഥലം പാട്ടത്തിനെടുത്തും എട്ടേക്കറിലാണ് കൃഷിയിറക്കുന്നത്. പ്രദേശത്തെ തരിശുഭൂമിയിൽ കൃഷിയിറക്കുന്നതിനൊപ്പം കോവിഡ് മൂലം തൊഴിൽരഹിതരായ സമീപത്തെ യുവാക്കൾക്ക് തൊഴിൽ നൽകുകയെന്നതും ലക്ഷ്യമാണെന്ന് മജീദ് പറഞ്ഞു. ജ്യോതി നെൽവിത്താണ് പാടത്ത് കൃഷിയിറക്കുന്നത്. വരുംവർഷങ്ങളിൽ സമീപത്തെ തരിശുഭൂമിയിൽകൂടി കൃഷിയിറക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. പെരുമ്പടപ്പ് പഞ്ചായത്തിെൻറ തരിശുരഹിത പഞ്ചായത്തിെൻറ ഭാഗമായാണ് അരൊടിപ്പാടത്തെ കൃഷി.
തരിശുഭൂമിയിലെ നെൽകൃഷിയുടെ ഞാറുനടീൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുനിൽദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംല റഷീദ്, മുസ്തഫ, സൗദ അബ്ദുല്ല, ഖൗല യഹ്യ ഖാൻ, കൃഷി ഓഫിസർ സുദർശൻ, കർഷകോത്തമ അവാർഡ് ജേതാവ് ഇ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.