എടക്കര: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് എടക്കരയിൽ നടന്ന കൊട്ടിക്കലാശത്തിലും വാനോളം ആവേശം. ഇടത്-വലത് മുന്നണികളുടെയും എസ്.ഡി.പി.ഐയുടെയും കൊട്ടിക്കലാശം അണികളിൽ പകർന്നത് ആർത്തിരമ്പുന്ന പോരാട്ടവീര്യം. നേതാക്കളും പ്രവർത്തകരും അണിനിരന്ന വമ്പൻ കലാശക്കൊട്ട് എടക്കര ടൗണിനെ അക്ഷരാർഥത്തിൽ ജനസാഗരമാക്കി.
എടക്കര മുസ്ലിയാരങ്ങാടി മുതല്‍ ചെമ്മണ്ണൂര്‍ ജ്വല്ലറി വരെ എസ്.ഡി.പി.ഐയും കുരിക്കള്‍ ടെക്സൈറ്റല്‍സ് മുതല്‍ ഇന്ദിര ഗാന്ധി ബസ് ടെര്‍മിനലിന്റെ പകുതി വരെ യു.ഡി.എഫിന്റെയും മീന്‍ മാര്‍ക്കറ്റ് മുതല്‍ ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിന്റെ പകുതി വരെ എൽ.ഡി.എഫിന്റെയും സ്ഥലമായാണ് കലാശക്കൊട്ടിന് ക്രമീകരിച്ചിരുന്നത്.
ഏറനാട് ആശുപത്രി ജങ്ഷന് മുതല്‍ പുതിയ സ്റ്റാൻഡ് വഴി വരെയുള്ള സ്ഥലം എൻ.ഡി.എ സ്ഥാനാർഥിക്ക് അനുവദിച്ചിരുന്നെങ്കിലും അവർ കൊട്ടിക്കലാശം ഒഴിവാക്കി. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ കൊട്ടിക്കലാശം ഒഴിവാക്കി പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കുന്നതിനാണ് സമയം ചെലവഴിച്ചത്. വൈകീട്ട് മൂന്നര മുതൽ തന്നെ വിവിധ മുന്നണികൾ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ അന്തർ സംസ്ഥാന പാതയായ കെ.എൻ.ജി റോഡ് കൈയടക്കിയിരുന്നു. കനത്ത പൊലീസ് ക്യാമ്പ് ചെയ്ത സ്ഥലത്ത് ബാരിക്കേഡുകൾ നിരത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചിരുന്നത്. പ്രവർത്തകർക്ക് ആവേശം പകർന്ന് മുതിർന്ന നേതാക്കളും കൊട്ടിക്കലാശത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.