ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസിന്റെ നേതൃത്വത്തിലുള്ള സംഘം കുടിവെള്ള
വിതരണ കേന്ദ്രം സന്ദർശിക്കുന്നു
ഇരിമ്പിളിയം: കൈതക്കടവിൽ സ്ഥിതി ചെയ്യുന്ന ഇരിമ്പിളിയം വളാഞ്ചേരി ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട് 20 ദിവസം പിന്നിട്ടു. വേനൽ കനത്തതോടെ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. മോട്ടോർ തകരാറിലാവുന്നതും വൈദ്യുതി തകരാറും നിത്യ സംഭവമാണ്.
മോട്ടോറിന്റെയും പ്രധാന പൈപ്പ് ലൈനിന്റെയും ശേഷി കൂട്ടണമെന്ന ആവശ്യവും ജല ലഭ്യത ഉറപ്പാക്കാൻ സ്ഥിരം തടയണ നിർമിക്കണമെന്നാവശ്യവും നടപ്പിലാക്കിയിട്ടില്ല. കൂടുതൽ കണക്ഷൻ നൽകിയതും സ്ഥിരമായി പൈപ്പ് പൊട്ടുന്നതിനും മോട്ടോർ തകരാറിലാവുന്നതിനും ആക്കം കൂട്ടിയിട്ടുണ്ട്. മോട്ടോർ തകരാറിലാകുമ്പോൾ മാറ്റി വെക്കാനുള്ള മോട്ടോർ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്.
വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് സ്ഥിതി രൂക്ഷമാവാൻ കാരണമെന്ന് ഇരിമ്പിളിയം പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു. കുടിവെള്ളം തടസമില്ലാതെ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന ഭരണ സമിതിയുടെ ആവശ്യം ഇത് വരെ വാട്ടർ അതോറിറ്റി പരിഹരിച്ചില്ല. ഇതിനെതിരെ പൊതുജന പങ്കാളിത്തതോടെ സമര നടപടിയിലേക്ക് കടക്കുമെന്നും സ്ഥലം സന്ദർശിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ജനപ്രതിനിധികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് പി.സി.എ. നൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീല എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.