സീറ്റ് ബെൽറ്റ് ധരിച്ചിട്ടും കള്ളക്കേസെടുത്തെന്ന് യുവാവിന്‍റെ പരാതി



മലപ്പുറം: സീറ്റ് ബെൽറ്റ് ധരിച്ചിട്ടും ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് യുവാവിന്‍റെ പരാതി. മമ്പാട് കുനാരിതുമ്പത്ത് നവാസാണ് നിലമ്പൂർ പൊലീസ് പീഡിപ്പിക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി, കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്.

ഈ മാസം ഏഴിനാണ് പരാതിക്കിടയാക്കിയ സംഭവം. പൊതുമരാമത്ത് കരാറുകാരനായ നവാസ് ജോലി ആവശ്യാർഥം വണ്ടൂരിലേക്ക് പോവുകയായിരുന്നു. ഉച്ചക്ക് 12ഓടെ നടുവക്കാട് വാഹനപരിശോധന നടത്തുകയായിരുന്ന നിലമ്പൂർ ഗ്രേഡ് എസ്.ഐ ശശീന്ദ്രന്‍റെ നേതൃത്വത്തിലെ സംഘം നവാസിനെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പിടികൂടുകയായിരുന്നു. എന്നാൽ, സീറ്റ് ബെൽറ്റ് ധരിച്ചെത്തിയിട്ടും കള്ളം പറഞ്ഞ് പിഴയടപ്പിക്കാനുള്ള ശ്രമം ചോദ്യം ചെയ്തതോടെയാണ് പൊലീസിന് തനിക്കുമേൽ വൈരാഗ്യം ഉണ്ടാകാൻ കാരണമെന്ന് നവാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസിന്‍റെ നടപടി വിഡിയോ ചിത്രീകരിച്ചതും അവരെ പ്രകോപിപ്പിച്ചെന്ന് മുസ്ലിം ലീഗ് മമ്പാട് ടൗൺ കമ്മിറ്റി വൈസ് പ്രസിഡന്‍റ്കൂടിയായ നവാസ് ചൂണ്ടിക്കാട്ടി. താൻ സീറ്റ് ബെൽറ്റ് ധരിച്ചാണ് എത്തിയതെന്നത് വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യവും യുവാവ് മാധ്യമങ്ങൾക്ക് നൽകി.

മുമ്പ് തന്‍റെ പേരിൽ ഒരുതരത്തിലെ കേസും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്.പിയോടും കലക്ടറോടും ഫോണിലും രേഖാമൂലവും പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്താതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതായി കാണിച്ച് മറ്റൊരു കേസ്കൂടി എടുക്കുകയാണ് ചെയ്തത്. സംഭവം വിവാദമായതോടെ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളും നവാസിനെ പിന്തുണച്ച് എത്തി. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, സീറ്റ് ബെൽറ്റ് ധരിക്കാത്ത സംഭവത്തിൽ കാറോടിച്ച നവാസിനെതിരെയല്ല കേസെടുത്തതെന്നും സഹയാത്രികന്‍റെ നിയമലംഘനത്തിനാണ് പിഴയിട്ടതെന്നും എസ്.ഐ ശശീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രകോപനപരമായ പെരുമാറ്റം, ജോലി തടസ്സപ്പെടുത്തൽ, പൊലീസിനെ ഭീഷണിപ്പെടുത്തൽ, സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് നടപടിയെ തെറ്റായി ചിത്രീകരിക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് നവാസിനെതിരെ കേസെടുത്തതെന്നുമാണ് എസ്.ഐയുടെ വിശദീകരണം. എന്നാൽ, പ്രശ്നത്തിൽ നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് നവാസ് വ്യക്തമാക്കി. മുസ്ലിം ലീഗ് മമ്പാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എ.കെ. നിസാം, ജലീൽ നിലമുണ്ട, റസാഖ് കാവാട്ട്, അഷ്റഫ് താണ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Despite wearing a seat belt, he was charged with forgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.