അപകടം പതിയിരിക്കുന്ന വ്യൂ പോയിന്റ്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ പോകുന്നത് കണ്ടാസ്വദിക്കാന്‍ കുട്ടികളുള്‍പ്പെടെ നിരവധിപേരെത്തുന്ന കുമ്മിണിപ്പറമ്പ് വെങ്കുളത്തുമാട്ടിലെ ‘വ്യൂ പോയിന്റ്’ ഒടുവില്‍ ദുരന്തക്കയമായതിന്റെ ഞെട്ടലിലാണ് നാട്. സാമൂഹിക മാധ്യമങ്ങളിലൂടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നതും പറന്നുയരുന്നതും നേരിട്ടാസ്വദിക്കാനെത്തുന്നവരുടെ തിരക്കേറിയ വ്യൂ പോയിന്റില്‍ മതിയായ സുരക്ഷയൊരുക്കുന്നതിലുള്ള ഇടപെടലിന്റെ വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയത്.

ചൊവ്വാഴ്ച രാവിലെ അഞ്ചോടെ വിമാനക്കാഴ്ചകള്‍ കാണാനെത്തിയ മുണ്ടുപറമ്പ് സ്വദേശിയായ ചേരിയിലെ തച്ചാഞ്ചേരി വീട്ടില്‍ പരേതനായ ജനാര്‍ദ്ദനന്റെ മകന്‍ ജിതിന്റെ മരണത്തോടെ സുരക്ഷവീഴ്ച വീണ്ടും ചര്‍ച്ചയാകുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ കണ്ട് പലയിടങ്ങില്‍ നിന്നായി നിരവധി പേരാണ് ഇവിടെ എത്താറ്. പ്രാദേശികമായ അപകടാവസ്ഥ സൂചിപ്പിച്ച് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും കരിപ്പൂര്‍ പൊലീസും പ്രദേശത്ത് അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ഥിരം നിരീക്ഷണ സംവിധാനത്തിന്റെ അഭാവമുണ്ട്.

വിമാനത്താവളത്തിലെ കാഴ്ചകള്‍ നേരിട്ടറിയാന്‍ വിമാനത്താവള അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം. ഇതിന് സാധ്യതയില്ലാത്ത സാഹചര്യത്തിലും വിമാനങ്ങള്‍ റണ്‍വേയില്‍ ഇറങ്ങിക്കയറിപോകുന്നത് നേരില്‍ കാണാന്‍ വെങ്കുളത്തുമാട്ടില്‍ അവസരമുണ്ട്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രഘടന ഒരു വശം ചെങ്കുത്തായ താഴ്ചയായതിനാല്‍ അപകട സാധ്യതയേറെയാണ്. കാഴ്ചക്കാര്‍ കൂടുമ്പോള്‍ സുരക്ഷക്കായി ഒരു ക്രമീകരണവും ഉറപ്പു വരുത്തിയിട്ടില്ല. പൊലീസും വിമാനത്താവള അതോറ്റി അധികൃതര്‍ ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് ഇടക്ക് നടത്തുന്ന പരിശോധനകളും മാത്രമാണുള്ളത്.

Tags:    
News Summary - Dangerous viewpoint in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.