ജി​ല്ല​യി​ൽ സ്​​പെ​ഷലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​എം.​ഒ ഡോ. ​ടി.​കെ. ജ​യ​ന്തി​യെ ഉ​പ​രോ​ധി​ച്ച മു​സ്‍ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം

ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്നു

മ​ല​പ്പു​റ​ത്തോ​ട് വി​വേ​ച​നം; പ്ര​തി​ഷേ​ധം ശ​ക്തം

മലപ്പുറം: സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിൽ 202 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള മലപ്പുറം ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധം കനക്കുന്നു. നാല് ഡോക്ടർ തസ്തികയാണ് ജില്ലക്ക് അനുവദിച്ചത്. സ്പെഷാലിറ്റി ഡോക്ടർമാരുടെ അഭാവം രൂക്ഷമായ ജില്ലയാണ് മലപ്പുറം.

കഴിഞ്ഞദിവസം ചേർന്ന ജില്ല വികസന സമിതിയിൽ ഇക്കാര്യം എം.എൽ.എമാർ ഉന്നയിച്ചിരുന്നു. ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലുമായി സൂപ്പർ സ്പെഷാലിറ്റി, സ്പെഷാലിറ്റി ഉൾപ്പെടെ വിവിധ വിഭാഗം ഡോക്ടർമാരുടെ 202 തസ്തികകളാണ് സൃഷ്ടിച്ചത്. ഒരോ തസ്തികയും അനുവദിച്ച സ്ഥാപനങ്ങളുടെ പട്ടികയും ഉത്തരവിലുണ്ട്.

ഇതിൽ മലപ്പുറത്താണ് സംസ്ഥാനത്ത് ഏറ്റവും കുറവ് തസ്തിക അനുവദിച്ചത്. കാർഡിയോളജി, യൂറോളജി, ഗൈനക്, അനസ്തേഷ്യ വിഭാഗങ്ങളിലായി അനുവദിച്ച ഒരു തസ്കിക പോലും മലപ്പുറത്തിനില്ല. 48 അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർമാരുടെ തസ്തികയിൽ ഒന്നുപോലും ജില്ലക്ക് ലഭിച്ചില്ല. തിരൂർ ജില്ല ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് ഫോറൻസിക് മെഡിസിൻ, കൺസൾട്ടന്റ് ന്യൂറോളജി, കൺസൾട്ടന്റ് നെഫ്രോളജി തസ്തികകളും നിലമ്പൂർ ജില്ല ആശുപത്രിയിൽ കൺസൾട്ടന്റ് ജനറൽ സർജറി തസ്തികകളുമാണ് അനുവദിച്ചത്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ തസ്തികകളും അനുവദിച്ചിട്ടുള്ളത്.

ഡി.എം.ഒയെ യൂത്ത് ലീഗ് ഉപരോധിച്ചു

മലപ്പുറം: ആരോഗ്യ മേഖലയിൽ മലപ്പുറത്തിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ജില്ല മെഡിക്കൽ ഓഫിസറെ ഉപരോധിച്ചു. സൂപ്പർ സ്പെഷാലിറ്റി, സ്പെഷാലിറ്റി തസ്തികയിൽ സംസ്ഥാനത്ത് 202 ഡോകടർമാരെ നിയമിച്ചതിൽ ജില്ലക്ക് കേവലം നാലുപേരെ മാത്രമാണ് അനുവദിച്ചത്. ജില്ലക്ക് അർഹതപ്പെട്ട അവകാശങ്ങൾ അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് ഡി.എം.ഒയെ ഉപരോധിച്ചത്.

മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് എ.പി. ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങൽ, വൈസ് പ്രസിഡന്റ് സലാം വളമംഗലം, സെക്രട്ടറിമാരായ ശിഹാബ് അരീക്കത്ത്, കുഞ്ഞിമാൻ മൈലാടി, എം.എസ്.എഫ് ജില്ല കമ്മിറ്റി അംഗം അഡ്വ. ജസീൽ പറമ്പൻ, മണ്ഡലം വൈസ് പ്രസിഡന്‍റ് അഡ്വ. സി.കെ. അഫ്‍ലഹ് എന്നിവർ നേതൃത്വം നൽകി.

സ്പെഷാലിറ്റി ആശുപത്രികളില്ല

അനുവദിച്ച തസ്തികകളിൽ കുറേ പോസ്റ്റുകൾ വിവിധ ജില്ലകളിലെ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾക്കാണ്. കൂടുതലും കണ്ണൂരിലേക്കാണ്. സർക്കാർ മേഖലയിൽ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ മലപ്പുറത്ത് ഒരെണ്ണം പോലുമില്ല. ഇതാണ് തസ്കതികകൾ അനുവദിക്കപ്പെടാത്തതിന്റെ കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. ഒരു മാതൃ-ശിശു ആശുപത്രിയുണ്ടെങ്കിലും അവിടേക്ക് പുതിയ തസ്തികകൾ അനുവദിച്ചിട്ടില്ല. ആരോഗ്യ സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ അഭാവം ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സായാഹ്ന ഒ.പിയില്ല. കിടത്തി ചികിത്സ തുടങ്ങിയ പലയിടത്തും ഡോക്ടർമാരുടെയും നഴ്സുമാരുടെയും അഭാവം കാരണം നിർത്തിവെച്ചു. ജനസംഖ്യാനുപാതികമായ ആരോഗ്യ സംവിധാനങ്ങൾ ജില്ലയിലില്ല എന്നത് നിരന്തരം ചൂണ്ടിക്കാട്ടപ്പെടുന്ന കാര്യമാണ്. എന്നിട്ടും അത് പരിഹരിക്കാൻ ഇടപെടലുണ്ടാവുന്നില്ല. നേരത്തെ മഞ്ചേരി ജനറൽ ആശുപത്രിയിലെ ഹെൽത്ത് സർവിസിന് കീഴിലെ 12 ഡോക്ടടർമാരെ ജില്ലയിലെ തന്നെ മറ്റു ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ,ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് 595 ഡോക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നാണ് ഡി.എം.ഒ നൽകുന്ന വിശദീകരണം.

പുതുതായി അനുവദിച്ച ഡോക്ടർ തസ്തികകൾ, ജില്ല തിരിച്ച്

  • മലപ്പുറം 4
  • കണ്ണൂർ 41
  • വയനാട് 6
  • ഇടുക്കി 7
  • കോഴിക്കോട് 10
  • തിരുവനന്തപുരം 13
  • കൊല്ലം 21
  • പത്തനംതിട്ട 9
  • കോട്ടയം 14
  • ആലപ്പുഴ 6
  • എറണാകുളം 11
  • തൃശൂർ 14
  • പാലക്കാട് 16
  • കാസർകോട് 30
Tags:    
News Summary - Criticism of Malappuram; Protests are strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.