ചേലേമ്പ്രയിൽ ലോറിയിടിച്ചതിനെ തുടർന്ന് സർവിസ് റോഡിലെ കോൺക്രീറ്റ് ബാരിക്കേഡ് വീടിന് മുകളിലേക്ക്
മറിഞ്ഞുവീണപ്പോൾ
ചേലേമ്പ്രയിൽ ലോറിയിടിച്ച് കോൺക്രീറ്റ് ബാരിക്കേഡ് മറിഞ്ഞുവീണ് വീടിന് നാശം
ചേലേമ്പ്ര: ഇടിമുഴിക്കലിന് സമീപം ലോറിയിടിച്ച് സർവിസ് റോഡിലെ കോൺക്രീറ്റ് ബാരിക്കേഡ് മറിഞ്ഞുവീണ് വീടിന് നാശം. തിരുവങ്ങാട്ട് ഭാഗത്തുള്ള സർവിസ് റോഡിൽ ചെറിയ മംഗലം സുലൈമാന്റെ വീട്ടിലേക്ക് ബോളറുമായി പോകുന്ന ലോറിയാണ് കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചത്. ബാരിക്കേഡ് മറിഞ്ഞുവീണ് വീടിന്റെ സൺഷെഡ് പൊട്ടുകയും
ചെയ്തു. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഉടൻ ചേലേമ്പ്ര നാലാം വാർഡ് മെംബർ എം. പ്രതീഷ് തേഞ്ഞിപ്പലം പൊലീസിനെയും ദേശീയപാത അധികൃതരെയും വിവരമറിയിച്ചു.
പൊലീസെത്തി സ്ഥലം പരിശോധിച്ചു. ദേശീയപാതയിൽ കെ.എൻ.ആർ.സി സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റിന്റെ സുരക്ഷഭിത്തിയാണ് മറിഞ്ഞത്. സുലൈമാന്റെ വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും അപകടമൊഴിവായത് ആശ്വാസമായി.
റോഡ് വികസനവുമായി ബന്ധപ്പെട്ട് വാർഡ് മെംബർ ഇവിടത്തെ അപകട സാധ്യത നേരത്തെ ജില്ല കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഈ ഭാഗങ്ങളിൽ സമീപത്തെ വീടുകളിലും അപകട സാധ്യത നിലനിൽക്കുന്നുണ്ട്. എത്രയും വേഗം റോഡിന്റെ സൈഡ് ഭിത്തി കെട്ടുകയും വാഹനങ്ങളുടെ വേഗത കുറക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.