553ാം റാങ്ക് ലഭിച്ച ഹാഷിൻ ജിത്തു മാതാപിതാക്കൾക്ക് മധുരം നൽകുന്നു

ഊർങ്ങാട്ടിരിക്ക് ഹാഷിൻ ജിത്തുവിലൂടെ സിവിൽ സർവിസ് തിളക്കം

ഊർങ്ങാട്ടിരി: സിവിൽ സർവിസിൽ 553ാം റാങ്ക് ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഊർങ്ങാട്ടിരി തെക്കുമുറി സ്വദേശി ഹാഷിൻ ജിത്തു. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ കടവത്ത് അബൂബക്കർ-പട്ടണത്ത് മഹറിൻ നിഷ ദമ്പതികളുടെ മകനായ ഹാഷിൻ ജിത്തു 2018 മുതൽ നാലുവർഷം നടത്തിയ പരിശ്രമത്തിനൊടുവിലാണ് നേട്ടം കൊയ്തത്.

എൻജിനീയർ ആകണമെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. കോഴിക്കോട് എൻ.ഐ.ഐ.ടിയിൽനിന്ന് 2011-15 ബാച്ചിൽ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ ബിരുദം നേടി. 2018ലാണ് ആദ്യമായി സിവിൽ സർവിസ് പരീക്ഷ എഴുതിയത്. അന്ന് പ്രിലിമിനറി പോലും പാസായില്ല. 2019ൽ പ്രിലിമിനറി കടന്നെങ്കിലും പ്രധാനപരീക്ഷയിൽ വിജയിച്ചില്ല.

2020 ൽ മുഴുവൻ പരീക്ഷകളും പാസായി അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാനായില്ല. നാലാമത്തെ പരിശ്രമത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹാഷിൻ ജിത്തു പറഞ്ഞു. രക്ഷിതാക്കളും കുടുംബാംഗങ്ങളുമടക്കം മുഴുവൻ പേരോടും നന്ദിയുണ്ട്. ഡൽഹിയിലായിരുന്നു ആദ്യ പഠനം. പിന്നീട് വീട്ടിൽ നിന്നായി. ഐ.എ.എസ് കിട്ടുമോ എന്നറിയില്ല. ഐ.പി.എസോ ഐ.ആർ.എസോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹാഷിൻ ജിത്തു പറഞ്ഞു. അഷ്ഫാഖ് റിതു, അൻഫാസ് നുജൂം, ഹിശാം മുന്ന, അസീം ഹാദി എന്നിവർ സഹോദരങ്ങളാണ്.


Tags:    
News Summary - Civil service rank holder Hashin Jithu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.