മഞ്ചേരി: ചുള്ളക്കാട് ഗവ.യു.പി സ്കൂൾ വളപ്പിൽനിന്ന് മുറിച്ചുകടത്തിയ കൂറ്റൻ പ്ലാവുകൾ നെല്ലിക്കുത്തിലെ മില്ലിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11ന് മലപ്പുറം വിജിലൻസ് സി.ഐ പി. ജ്യോതിന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്ലാവുകൾ കണ്ടെത്തിയത്. സ്കൂളിലെത്തിയ സംഘം ശേഷം നെല്ലിക്കുത്തിലെ മില്ലിലെത്തി വിവരങ്ങൾ ശേഖരിച്ചു. മരം മുറിച്ചുകടത്തിയവരെ കുറിച്ച് വിജിലൻസിന് സൂചന ലഭിച്ചുവെന്നാണ് വിവരം.
വർഷങ്ങൾ പഴക്കമുള്ള രണ്ട് കൂറ്റൻ പ്ലാവുകളാണ് മുറിച്ചുകടത്തിയിരുന്നത്. സ്കൂളിന്റെ തെക്കുഭാഗത്തെ പ്രവേശന കവാടത്തിന് സമീപത്തെ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളാണ് ആരും അറിയാതെ വെട്ടിമാറ്റിയത്. സ്കൂൾ മുറ്റത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ ഉണ്ട്. ഇപ്പോൾ കടത്തിയ മരങ്ങൾ യാതൊരുവിധ അപകടങ്ങൾക്കും കാരണമായിരുന്നില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മരങ്ങൾ മുറിച്ചു കടത്തിയതെന്നും പരിശോധനയിൽ കണ്ടെത്തി.
മരങ്ങൾ കടത്തിയതിലൂടെ സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് വിജിലൻസ് വിലയിരുത്തൽ. വിജിലൻസ് സംഘം നഗരസഭയിലും എത്തി വിവരങ്ങൾ ശേഖരിച്ചു. മരങ്ങൾ വിൽപന നടത്തിയത് സംബന്ധിച്ച രേഖകൾ ഉണ്ടോ എന്നറിയാനാണ് നഗരസഭാ ഓഫിസിൽ പരിശോധന നടത്തിയത്. മരം കടത്തിയതിൽ നഗരസഭക്ക് പങ്കില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, സ്കൂൾ അധ്യാപകർ, പി.ടി.എ പ്രസിഡന്റ്, ഭാരവാഹികൾ, മറ്റു ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് സി.ഐ പി. ജ്യോതിന്ദ്രകുമാർ പറഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് മരം മുറിച്ചുകൊണ്ടുപോയതെന്നാണ് കരുതുന്നത്. സ്കൂൾ അങ്കണത്തിൽ സുരക്ഷാഭീഷണി ഉയർത്തുന്ന മരങ്ങളുടെ കമ്പുകൾ വെട്ടിമാറ്റുന്നതിന്റെ മറവിലായിരുന്നു മരംകൊള്ള. ഈ സമയത്ത് മുറിച്ചുമാറ്റിയ മരത്തിന്റെ നല്ല കാതലുള്ള അടിക്കുറ്റികൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടെന്ന് അറിഞ്ഞതോടെ അടുത്ത ദിവസം മുറിച്ചുമാറ്റിയ മരങ്ങളുടെ അടിക്കുറ്റികളും വേരോടെ നീക്കംചെയ്തു. ഇവ മറ്റൊരിടത്ത് കൊണ്ടുപോയി നിക്ഷേപിച്ചതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുൻ നഗരസഭ കൗൺസിലർ പി. വിശ്വനാഥൻ നൽകിയ പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. സംഭവം വിവാദമായതോടെ സ്കൂളിൽ പി.ടി.എ കമ്മിറ്റിയോഗം ചേർന്ന് കാര്യങ്ങൾ ചർച്ചചെയ്തു. മരംമുറിക്ക് സ്കൂൾ അധികൃതരുടെയോ പി.ടി.എയുടെയോ അനുമതിയില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞത്. സ്കൂളിലെ മരം മുറിക്കാൻ നഗരസഭ അധികൃതരോടും അനുമതി തേടിയിട്ടില്ലെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.