പുലാമന്തോൾ: അധികൃതരുടെ അഭ്യർഥന മാനിച്ച് തിങ്കളാഴ്ച മുതൽ സ്റ്റാൻഡിൽ കയറാൻ തീരുമാനിച്ചതായി ബസ് ഉടമ സംഘം. ബസുകൾ കയറി തുടങ്ങി 15 ദിവസത്തിനകം തങ്ങൾ ഉന്നയിച്ച നിബന്ധനകൾ നടപ്പാക്കിയില്ലെങ്കിൽ നടപടി പുനഃപരിശോധിക്കേണ്ടി വരുമെന്നും ബസ് ഉടമ സംഘം പറഞ്ഞു. ഒക്ടോബർ 25 മുതൽ പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ സർവിസ് നടത്തുന്ന മുഴുവൻ ബസുകളും സ്റ്റാൻഡിൽ കയറണമെന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.
നിലവിലെ അപാകതകൾ പരിഹരിക്കാതെ ബസുകൾ കയറ്റാനാവില്ലെന്ന് പറഞ്ഞ് ബസ് ഉടമകളും ജീവനക്കാരും ആവശ്യം നിരാകരിച്ചു. പിന്നീട് ഒക്ടോബർ 27ന് ഹോം ഗാർഡിനെ നിയോഗിച്ച് സ്റ്റാൻറിൽ കയറ്റാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.
ഇതോടെ പ്രശ്നം പരിഹരിക്കാൻ ഹൈകോടതി ജില്ല ആർ.ടി.ഒ അധികൃതരോട് ആവശ്യപ്പെട്ടു. ബസ് ഉടമകളും തൊഴിലാളികളും തങ്ങളുടെ നിബന്ധനകൾ അധികൃതർക്ക് മുമ്പാകെ അവതരിപ്പിച്ചപ്പോൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതായി ബസ് ഉടമകൾ പറഞ്ഞു. ബസുകൾ സ്റ്റാൻഡിൽ കയറുന്ന മുറക്ക് നിലവിലുള്ള പെരിന്തൽമണ്ണ-പട്ടാമ്പി-കൊളത്തൂർ റോഡുകളിലെ സ്റ്റോപ്പുകളിൽനിന്ന് സമാന്തര സർവിസുകൾ ഉണ്ടാവാൻ പാടില്ല.
ഇവിടങ്ങളിൽ ബസ് ഉടമ സംഘം ശമ്പളം കൊടുത്തു നിർത്തിയ ഹോം ഗാർഡുകളുടെ സേവനം തുടരും. ബസ് സ്റ്റാൻഡ് കവാടത്തിൽ ഹോം ഗാർഡിനെ നിയമിക്കണം. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഗ്രാമകോടതി ജഡ്ജിയുടെ തല്ലാത്ത മറ്റു വാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിക്കരുത്. പെരിന്തൽമണ്ണയിൽനിന്ന് വരുന്ന ബസ്സുകൾ ചെറുകര റെയിൽവേ ഗേറ്റിൽ കുടുങ്ങുന്ന പക്ഷം സമയനഷ്ടം കാരണം സ്റ്റാൻറിൽ കയറാൻ കഴിയില്ലെന്നും കൂടാതെ മുമ്പ് ഉന്നയിച്ച നിബന്ധനകളും പാലിക്കപ്പെടണമെന്നാണ് ബസ് ഉടമ സംഘത്തിന്‍റെ ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.