സംസ്ഥാന ബഡ്സ് കായികമേളയിൽ ചാമ്പ്യന്മാരായ മലപ്പുറം ജില്ല ടീം ആഹ്ലാദം പങ്കിടുന്നു
തേഞ്ഞിപ്പലം: ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന 378 ബഡ്സ്, ബി.ആർ.സി സ്കൂളുകളിൽ നിന്നുള്ള 600ഓളം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രഥമ ബഡ്സ് ഒളിമ്പിയ സംസ്ഥാന കായികമേളയിൽ ആതിഥേയരായ മലപ്പുറത്തിന് കിരീടം. കുടുംബശ്രീ നേതൃത്വത്തിൽ നടത്തിയ മേളയിൽ 71 പോയൻറ് സ്വന്തമാക്കിയാണ് മലപ്പുറം ചാമ്പ്യന്മാരായത്. 51 പോയൻറുള്ള പത്തനംതിട്ടക്കാണ് രണ്ടാം സ്ഥാനം. 43 പോയൻറുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി.
ആൺകുട്ടികളുടെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മലപ്പുറം കാളികാവ് ബി.ആർ.സിയിലെ വിദ്യാർഥി മുഹമ്മദ് റാസിൽ, ഇടുക്കി കുമളി പ്രിയദർശിനി ബഡ്സ് വിദ്യാർഥി അഭിഷേക് കെ. കുമാർ, മലപ്പുറം ഊർങ്ങാട്ടിരി ബി.ആർ.സി വിദ്യാർഥി മുഹമ്മദ് ഫാസിൽ എന്നിവരും പെൺകുട്ടികളുടെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പത്തനംതിട്ട നാറാണംമൂഴി ബഡ്സ് വിദ്യാർഥി റോഷ്നി പി. റെജോ, കൊടുമൺ ബി.ആർ.സി വിദ്യാർഥി അമൃത ആർ.ഡി, തിരുവനന്തപുരം പള്ളിച്ചൽ ബഡ്സ് വിദ്യാർഥി അതുല്യ വിനോദ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. മാർച്ച് പാസ്റ്റിൽ വയനാടിനാണ് ഒന്നാം സ്ഥാനം. കണ്ണൂർ രണ്ടാമതുമെത്തി. തിരുവനന്തപുരത്തിനാണ് മൂന്നാം സ്ഥാനം. പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.