മലപ്പുറം: കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് ബി.ആർ.സി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ബഡ്‌സ് ഒളിമ്പിയ’ കായികമേളയ്ക്ക് വ്യാഴാഴ്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്​റ്റേഡിയത്തിൽ തുടക്കമാകും.

സംസ്ഥാനതലത്തിൽ ആദ്യമായാണ്​ ബഡ്​സ്​ വിദ്യാർഥികൾക്ക്​ കായികമേള സംഘടിപ്പിക്കുന്നത്​. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന്​ കായിക മേള ഫ്ലാഗ് ഓഫ് ചെയ്യും. രണ്ട്​ ദിവസങ്ങളിലായി നടത്തുന്ന പരിപാടിയിൽ 14 ജില്ലകളിൽ നിന്നുമുള്ള 378 ബഡ്‌സ് സ്ഥാപനങ്ങളിലെ അറുന്നൂറോളം വിദ്യാർഥികൾ പ​ങ്കെടുക്കും.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, ലോവർ എബിലിറ്റി, ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം കായികയിനങ്ങളാണ് മേളയിൽ അരങ്ങേറുന്നത്. ഓരോ ജില്ലകളിലും സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ്, ബി.ആർ.സി കായികമേളകളിൽ വിജയികളായ വിദ്യാർഥികളാണ് ബഡ്സ് ഒളിമ്പിയയിൽ മാറ്റുരക്കുന്നത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ സഹായത്തോടെ ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയാണ്​ കായിക മേള സംഘടിപ്പിക്കുന്നത്​. മേളയിൽ പങ്കെടുക്കുന്ന ഓരോ കുട്ടികൾക്കും പ്രോത്സാഹനം സമ്മാനങ്ങളും സർട്ടിഫിക്കറ്റ് നൽകും.

കായികമേളയിൽ നൂതന സാങ്കേതിക വിദ്യകൾ 

ഇലക്ട്രോണിക് ഡിസ്​റ്റന്‍റ്​സ്​ മെഷർ മെന്‍റ്​ സിസ്റ്റം, ഫോട്ടോ ഫിനിഷിങ്​ കാമറ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്​ മത്സരങ്ങളുടെ വിധി നിർണയം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ കായികരംഗത്തുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുക, ഇത്തരം വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിൽ സ്പോർട്സിന്‍റെ സാധ്യകൾ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് ബഡ്‌സ് ഒളിമ്പിയയുടെ പ്രധാന ലക്ഷ്യം.

വെള്ളിയാഴ്ച മേളയുടെ സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി. അബ്​ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ റഫീഖ, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, മലപ്പുറം ജില്ല കലക്ടർ വി.ആർ വിനോദ് കുമാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളാവും.

വാർത്തസമ്മേളനത്തിൽ മലപ്പുറം കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ബി. സുരേഷ് കുമാർ, ജില്ല പ്രോഗ്രാം മാനേജർ കെ.എസ്​ ഹസ്​കർ, അസി. പ്രോഗ്രാം മാനേജർ ഡാനിയൽ ലിബ്​നി, റൂബി രാജ്​, ജിതിൻ രാജ്​ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Buds Olympia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.