എടവണ്ണപ്പാറ: പൂങ്കുടി ചെറുപുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാങ്കടവ് മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെയാണ് കാണാതായിരുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുട്ടിയെ ചെറുപ്പുഴയിൽ കാണാതായത്. ഫുട്ബാൾ കളി കഴിഞ്ഞ് കാല് കഴുകുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഉടൻ ഫയർഫോഴ്സും നാട്ടുകാരും ടി.ഡി. ആർ.എഫ്, ട്രോമാകെയർ, എന്റെ മുക്കം, നസ്ര, തുടങ്ങിയ വിവിധ സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മുക്കം, മലപ്പുറം, മഞ്ചേരി, വെള്ളിമാടുകുന്ന്, ഫയർ സ്റ്റേഷനുകളിലെ സ്കൂബ ടീമും നിലമ്പൂരിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സേനാംഗങ്ങളും രാവിലെ മുതൽ തിരച്ചിൽ നടത്തി. ചെറുപുഴയിൽനിന്ന് ചാലിയാറിലേക്ക് ഒഴുകിപ്പോയോ എന്ന സംശയത്തിൽ ചൊവ്വാഴ്ച ചാലിയാറിന്റെ ഭാഗങ്ങളിലും പരിശോധന നടത്തി.
ശക്തമായ ഒഴുക്കും മുൾക്കാടുകളും തിരച്ചിലിന് പ്രതികൂലമായി ബാധിച്ചു. നീർനായ ശല്യം രൂക്ഷമായ പുഴയിൽ ജനങ്ങൾ ഭീതിയോട് കൂടിയാണ് തിരച്ചിൽ നടത്തിയത്. കൊണ്ടോട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥലത്ത് ക്യാമ്പ് ചെയ്തു പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. കൊണ്ടോട്ടി തഹസിൽദാരുടെ നിർദേശ പ്രകാരം ഊർക്കടവ് പാലത്തിന് താഴെ കോഴിക്കോട് ടി.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.