ഹസീബുളും ഭാര്യ അമീനയും ബില്ലീസിനൊപ്പം
കോട്ടക്കൽ: പ്രസവത്തിനിടെ അപകടാവസ്ഥയിലായ തന്റെ വീട്ടിലെ നിത്യസന്ദർശകനായ പൂച്ചക്ക് രക്ഷകനായി കൊൽക്കത്ത സ്വദേശി ഹസീബുൾ. ജീവൻ നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ പൂച്ചയേയും കൊണ്ട് സഞ്ചരിച്ചത് കിലോമീറ്ററുകൾ. ഒടുവിൽ സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലെത്തിപ്പോൾ ഓപറേഷന് വേണ്ടത് ആറായിരത്തോളം രൂപ.
തന്റെ കൈവശമുള്ളതും ജോലി സ്ഥലത്തുനിന്ന് കടം വാങ്ങിയും 5500 രൂപ നൽകി പൂച്ചക്ക് ഓപറേഷൻ നടത്തി ജീവൻ തിരിച്ചു പിടിക്കുകയായിരുന്നു. ഈ കഥയറിഞ്ഞ എടരിക്കോട് ചുടലപ്പാറയിലെ നാട്ടുകാർ പണം സ്വരൂപിച്ച് ഹസീബുളിന് കൈമാറി.
ഏഴു വർഷം മുമ്പാണ് ഫർണിച്ചർ ജോലിക്കാരനായി ഹസീബുളും ഭാര്യ അമീനയും മകൻ ഹബീബുളും ചുടലപ്പാറയിൽ എത്തുന്നത്. ഇതിനിടെയാണ് വീട്ടിൽ പൂച്ച അതിഥിയായെത്തുന്നത്. ‘ബില്ലീസ്’ എന്ന് വിളിപ്പേരിട്ട് പൂച്ചയെ തങ്ങളോടൊപ്പം ചേർത്ത് പിടിച്ചു പിന്നീടിവർ.
കഴിഞ്ഞ ദിവസമാണ് പ്രസവത്തിനിടെ പൂച്ചക്കുഞ്ഞ് പുറത്തുവന്ന നിലയിൽ ബില്ലീസ് വേദനയെടുത്ത് കരയുന്നത് കണ്ടത്.
തുടർന്ന് ഓട്ടോ ഡ്രൈവർ നസീറിനെയും കൂട്ടി ക്ലിനിക്കിൽ എത്തുകയായിരുന്നു. വയറു കീറി രണ്ടു കുഞ്ഞുങ്ങളേയും പുറത്തെടുത്തെങ്കിലും ചത്തിരുന്നു. വയറിന് തുന്നലിട്ട ബില്ലിസ് സുഖം പ്രാപിച്ചു വരുന്നു. ഓട്ടോ ഡ്രൈവറാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് സുമനസ്സുകളുടെ സഹായത്തോടെ അധ്യാപകരായ കരീം പൂക്കയിൽ, സത്യൻ, കെ.കെ. ഷൗക്കത്തലി, വെട്ടൻ വിശ്വൻ, അച്ചുതൻ എന്നിവർ ഹസീബുളിന് പണം കൈമാറി. പൂച്ചയുടെ ജീവൻ രക്ഷിക്കാൻ മാതൃക കാണിച്ച യുവാവിനെ നാട്ടുകാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.