മലപ്പുറം നഗരസഭയിലെ അംഗൻവാടികൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി
കളിക്കോപ്പുകളുടെയും ഫുഡ് സ്റ്റോറേജ് ബിന്നുകളുടെയും വിതരണോദ്ഘാടനം
നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിക്കുന്നു
മലപ്പുറം: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ അംഗനവാടികളും ഹൈടൈക്കാകുന്നു. ക്ലാസ് റൂമുകൾ ശീതീകരിച്ച് സ്മാർട്ട് ടി.വി ഉൾപ്പെടെയുള്ളവ നൽകി ആധുനിക ഫർണിച്ചർ സജ്ജീകരിച്ച് ഹൈടെക് ആക്കുന്ന പദ്ധതിക്ക് മലപ്പുറം നഗരസഭയിൽ തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ നഗരസഭയിലെ 23 അംഗനവാടികളാണ് ഈ രീതിയിൽ ഹൈടെക്ക് ആക്കുന്നത്.
സ്വന്തമായി ബിൽഡിങ് ഉള്ള മുഴുവൻ അംഗൻവാടികൾക്കും ക്ലാസ് റൂമുകൾ ഹൈടെക് ആക്കുക വഴി മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുകയും പഠനം കൂടുതൽ ഉല്ലാസകരമാക്കുകയുമാണ് നഗരസഭ വിഭാവനം ചെയ്യുന്നത്. കളിക്കോപ്പുകളുടെയും ഫുഡ് സ്റ്റോറേജ് ബിന്നുകളുടെയും വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽഹകീം, സിദ്ദീഖ് നൂറെങ്ങൽ, സി.പി. ആയിഷബി, കൗൺസിലർമാരായ ഒ. സഹദേവൻ, സി. സുരേഷ്, നാണത്ത് സമീറ മുസ്തഫ, ജയശ്രീ രാജീവ്, പി.എസ്.എ. ഷബീർ, ഇ.പി. സൽമ, കപൂർ കദീജ, രത്നം വളപ്പിൽ, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, ഐ.സി.ഡി.എസ് സുപ്പർവൈസർ ആയിഷ വാക്കയിൽ, ഷൈമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.