ഒരു വർഷം പിന്നിട്ടു, മുഹമ്മദ് സൗഹാൻ ഇന്നും കാണാമറയത്തുതന്നെ

അരീക്കോട്: വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശി പൂളക്കൽ ഹസ്സൻ കുട്ടി- ഖദീജ ദമ്പതികളുടെ ഇളയ മകൻ 15കാരൻ മുഹമ്മദ് സൗഹാനെ കാണാതായിട്ട് ഒരു വർഷമാകുന്നു. 2021 ആഗസ്റ്റ് 14ന് രാവിലെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഭിന്നശേഷിക്കാരനായ സൗഹാനെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ സമീപത്തുള്ള ചെക്കുന്ന് മലയുടെ താഴ്വാരങ്ങളിലടക്കം ഏഴ് ദിവസം തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഒരു വർഷമായി അരീക്കോട് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട ഒരു തുമ്പും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സൗഹാന്‍റെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു. ഏർവാടി, മതപഠന കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, മാനസിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു.

തിരിച്ചറിയാത്ത അഞ്ച് മൃതദേഹങ്ങളും ഇക്കാലയളവിൽ പരിശോധിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾക്കും ഇതുവരെ ഫലമുണ്ടായിട്ടില്ല. അന്വേഷണത്തിൽ പൊലീസിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടി സൗഹാന്‍റെ കുടുംബവും ആക്ഷൻ കൗൺസിലും മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ജില്ല പൊലീസ് എന്നിവർക്ക് പരാതി നൽകിയതായി ആക്ഷൻ കൗൺസിൽ കൺവീനവർ അബൂബക്കർ ചോലയിൽ പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് വേഗത്തിൽ ഉണ്ടാകണമെന്നാണ് കുടുംബത്തിന്‍റെയും ആക്ഷൻ കൗൺസിലിന്‍റെയും ആവശ്യം. മകന്‍റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നാട്ടുകാരും.  

Tags:    
News Summary - after one year, Mohammad Souhan is still missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.