താനൂർ: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവർന്ന സംഭവത്തിൽ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാൻ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. സംഭവം ആസൂത്രണം ചെയ്ത വിദേശത്തുള്ള തലക്കാട് സ്വദേശി പോത്തഞ്ചേരി ഷാജഹാൻ (35), കൂരിയാട് സ്വദേശി ഏറിയാടൻ സാദിഖ് അലി (35) എന്നീ രണ്ടുപേരെയാണ് ഇനി പിടി കൂടാനുള്ളത്.
കഴിഞ്ഞദിവസം താനൂർ പൊലീസ് പിടി കൂടിയ താനൂർ ചീരാൻ കടപ്പുറം പക്കിച്ചിന്റെ പുരക്കൽ ഡാനി അയ്യൂബ് (44) 13 കേസുകളിൽ പ്രതിയാണ്. മുൻ കാപ്പ ലിസ്റ്റിലുള്ള ഇയാളെ കണ്ടുപിടിക്കാൻ പൊലീസ് സംഘം ഗോവ, മംഗലാപുരം, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയതിനിടെയാണ് നാട്ടിലെത്തിയ വിവരം ലഭിച്ചത്. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽനിന്നും പിടികൂടുകയായിരുന്നു. നേരത്തേ കുറ്റകൃത്യത്തിനുശേഷം കടന്ന അക്രമിസംഘത്തെ പിന്തുടർന്ന് ഗോവയിൽ എത്തിയ അന്വഷണസംഘം പ്രതികളായ കരീം, രജീഷ് എന്നിവരെയും പിന്നീട് മൂന്നാം പ്രതി ഫവാസിനെയും പിടികൂടിയിരുന്നു.
താനൂർ ഡിവൈ.എസ്.പി പി.പ്രമോദിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ എൻ.ആർ. സുജിത്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ സെബാസ്റ്റ്യൻ, സി.പി.ഒമാരായ രമ്യ, ഉമേഷ്, എബിൻ ദാസ്, അനീഷ്, ഷിബു, ജിജിൻ, കെ.ബി. അനീഷ്, ബിജോയ്, പ്രവീൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.