മലപ്പുറം: ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 17 ജീവൻ. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്. ബൈക്ക് യാത്രികരാണ് അപകടത്തിൽപെടുന്നതിൽ കൂടുതൽ. അമിതവേഗവും അശ്രദ്ധയുമാണ് കാരണമായി കണ്ടെത്തുന്നത്. മോട്ടോർ വാഹന വകുപ്പ് പരിശോധനയും നടപടികളും കർശനമാക്കിയെങ്കിലും അപകടങ്ങൾക്ക് കുറവില്ല. നിരത്ത് നിയമങ്ങൾ കർശനമായി പാലിക്കാത്തതും വിദ്യാർഥികളുടെയും യുവാക്കളുടെയും അഭ്യാസങ്ങളും മരണം വിളിച്ചുവരുത്തുന്നു.
ജില്ലയിൽ ഒരാഴ്ചക്കിടെയുണ്ടായ അപകടത്തിൽപെട്ടതിൽ അധികവും ചെറുവാഹനങ്ങൾ. ബൈക്ക്, കാർ, ഓട്ടോ എന്നിവ ഓടിച്ചവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച ചങ്ങരംകുളം കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കളാണ് മരിച്ചത്. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങിവരുന്ന വഴി തൃശൂർ ഭാഗത്തേക്ക് പോയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ട് തിങ്കളാഴ്ച രാവിലെ 6.50ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22കാരിയായ മെഡിക്കൽ വിദ്യാർഥിനിയുടെ മരണം നാടിന് കണ്ണീർവേദനയായി. അതേദിവസംതന്നെ പുത്തനത്താണിയിൽ പുലർച്ച കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ചൊവ്വാഴ്ച പെരിന്തൽമണ്ണയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന നിയമ വിദ്യാർഥിനിയുടെ മരണം നാടിന് നൊമ്പരമായി. മലപ്പുറം എം.സി.ടി കോളജിലെ ഒന്നാം വർഷ വിദ്യാര്‍ഥിനി കോളജിനടുത്ത റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പരപ്പനങ്ങാടിയിൽ താനൂർ റോഡിലെ എൽ.ബി.എസ് മോഡൽ കോളജിന് സമീപം ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് ഓട്ടോ യാത്രികൻ മരിച്ചത്. പരപ്പനങ്ങാടി താനൂർ റോഡിൽ പെട്രോൾ പമ്പിനടുത്താണ് സംഭവം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൂടാതെ കഴിഞ്ഞ ഞായറാഴ്ച മൂന്ന് അപകടങ്ങളിലായി മൂന്നുപേരാണ് മരിച്ചത്. പാണക്കാട്ട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ മഞ്ചേരി സ്വദേശിയും താനൂർ നഗരത്തിന് സമീപം രണ്ടിടങ്ങളിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കളും മരിച്ചു.
ഇതിനുപുറമെ താനൂർ ഓലപ്പീടികക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഒരാളും മൂച്ചിക്കലിൽ റെയിൽവേ മേൽപാലത്തിന്റെ കൈവരിയിൽ ബൈക്കിടിച്ച് യുവാവും മരിച്ചു. കഴിഞ്ഞ ദിവസം തിരൂർ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ബൈക്കപകടത്തിൽ താനൂർ സ്വദേശിയായ യുവാവിനും വെന്നിയൂരിൽ ക്രെയിൻ തട്ടി ഗുഡ്സ് ഓട്ടോ മറിഞ്ഞ് വാഹനമോടിച്ച വർക്ക്ഷോപ് ഉടമക്കും ദാരുണാന്ത്യം സംഭവിച്ചു. കണ്ണമംഗലത്ത് ഭാര്യക്കും മക്കൾക്കുമൊപ്പം കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പുറപ്പെട്ട യുവാവ് അപകടത്തിൽ മരിച്ചത് തിങ്കളാഴ്ച പുലർച്ച മൂന്നിനാണ്.
ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടം. കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ സ്വദേശിയും ഭാര്യയുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.