13 വർഷം ജയിലിൽ, ഒടുവിൽ നിരപരാധി; ദലിത് വിദ്യാർഥിക്ക് 42 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഭോപാൽ: ഈ വിധിയെ നീതിയെന്നു വിളിക്കാമോ എന്നറിയില്ല, എങ്കിലും ചന്ദ്രേഷ് മാർസ്കോൾ കാലങ്ങളായി കാത്തിരുന്ന വിധി നീതിപീഠത്തിൽനിന്ന് ലഭിച്ചിരിക്കുന്നു. കൊലക്കേസ് പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്കോടതി വിധി തെറ്റാണെന്നും ചന്ദ്രേഷിനെ മോചിപ്പിക്കണമെന്നുമാണ് മധ്യപ്രദേശ് ഹൈകോടതി ഉത്തരവ്. 90 ദിവസത്തിനകം 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വൈകിയാൽ ഒമ്പതു ശതമാനം പലിശ സഹിതം നൽകണമെന്നും വിധിയിൽ പറയുന്നു. പെൺസുഹൃത്ത് ശ്രുതി ഹില്ലി​നെ കൊലപ്പെടുത്തിയ കേസിൽ 2008 ആഗസ്റ്റ് 25നാണ് ചന്ദ്രേഷ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭോപാൽ ഗാന്ധി മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്ന ചന്ദ്രേഷ് 2008 സെപ്റ്റംബർ 19ന് ശ്രുതിയെ കോളജ് ഹോസ്റ്റൽ മുറിയിൽ വെച്ച് കൊലപ്പെടുത്തി, തന്റെ സീനിയറായ ഡോ. ഹേമന്ത് വർമയുടെ കാറിൽ മൃതദേഹം ഹോഷംഗബാദ് ജില്ലയിലെ പഞ്ച്മറിയിൽ കൊണ്ടുപോയി സംസ്കരിച്ചുവെന്നാണ് കേസ്. വർമയും ഡ്രൈവർ രാംപ്രസാദും കേസിലെ പ്രധാന സാക്ഷികളായിരുന്നു. എന്നാൽ, വർമയാണ് പ്രതിയെന്നും ഇയാളെ രക്ഷിക്കാൻ അന്വേഷണസംഘം ഇടപെട്ടെന്നുമാണ് ഹൈകോടതിയുടെ കണ്ടെത്തൽ. 'അറസ്റ്റിലാകുമ്പോൾ ചന്ദ്രേഷിന് 23 വയസ്സായിരുന്നു. ഇപ്പോൾ വയസ്സ് 36. എത്ര പണം നൽകിയാലും യൗവനം തടവറയിലടച്ചതിന് നഷ്ടപരിഹാരമാകില്ല. നഷ്ടപ്പെട്ട പഠനവും ജീവിതവും തി​രി​കെ കൊണ്ടുവരാൻ കഴിയില്ല. ദുരുദ്ദേശ്യപരമായ അന്വേഷണത്തിൽ സത്യം ബലികഴിക്കപ്പെട്ടതിന്റെ ഇരയാണ് അദ്ദേഹം' -ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.