താനൂർ: അധ്യാപകനും മത-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വവുമായിരുന്ന പെരിഞ്ചേരി സ്വദേശി മറ്റത്ത് മുഹമ്മദലിയുടെ വേർപാട് നാട്ടുകാർക്കും സഹപ്രവർത്തകർക്കും വേദനയായി. ചെറുപ്പം മുതൽ തന്നെ പൊതുരംഗത്ത് നിറഞ്ഞു നിന്ന മുഹമ്മദലി പഠനകാലത്തേ രോഗബാധിതനായിരുന്നു. രോഗം തളർത്തിയപ്പോഴും ആത്മവിശ്വാസത്തോടെ മുന്നേറിയ അദ്ദേഹം കർമരംഗത്ത് സജീവമായിരുന്നു. പ്രാഥമിക പഠനത്തിനു ശേഷം കുണ്ടൂർ മർക്കസിലും തുടർന്ന് പള്ളിദർസുകളിലും പഠനം നടത്തി സ്വപ്രയത്നത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബി.എഡ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രോഗം ശരീരത്തെ കാർന്നുതിന്നപ്പോൾ സ്വപ്നം സാക്ഷാത്കരിക്കാനായില്ല. വിവിധ സ്കൂളുകളിലും കോളജുകളിലും മദ്റസകളിലും അധ്യാപകനായിരുന്ന മുഹമ്മദലി സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് വൈലത്തൂർ മേഖല സെക്രട്ടറി, മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി, പെരിഞ്ചേരി ളിയാഉൽ ഇസ്ലാം മദ്റസ സെക്രട്ടറി, ഒഴൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പ്രാസ്ഥാനികവേദികളിൽ പ്രസംഗിക്കുകയും ആനുകാലികങ്ങളിൽ എഴുതുകയും ചെയ്തിരുന്നു. ഹൃദ്രോഗിയായിരുന്ന മുഹമ്മദലിയുടെ രണ്ടു വൃക്കകളും തകരാറിലായിരുന്നു. നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സുമനസ്കരുടെയും സഹായത്താൽ വൃക്ക മാറ്റിവെച്ചെങ്കിലും മൂന്നു വർഷത്തിനപ്പുറം അതിനും ആയുസ്സുണ്ടായില്ല. എല്ലാ പ്രതീക്ഷകളും തകർന്ന അദ്ദേഹത്തെ കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിനിടയിലാണ് അപ്രതീക്ഷിതമായി വേർപാട് സംഭവിച്ചത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ രക്ഷാധികാരിയും ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി ചെയർമാനും അബ്ബാസ് ഫൈസി പെരിഞ്ചേരി കൺവീനറും ഉമറലി തങ്ങൾ മണ്ണാരക്കൽ ട്രഷററുമായ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു പ്രവർത്തിച്ചു വരുകയായിരുന്നു. മുഹമ്മദലിയുടെ മൃതദേഹം പെരിഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.