കോവിഡ് രോഗിയായ ഉദ്യോഗസ്ഥക്ക്​ സസ്പെൻഷൻ: തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമീഷൻ

മലപ്പുറം: കോവിഡ് പോസിറ്റിവായ ജീവനക്കാരിയെ തെര​​ഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്തതിന്‍റെ പേരിൽ സസ്പെൻഡ് ചെയ്ത നടപടിയിൽ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോസ്ഥർ അനാവശ്യമായ തിടുക്കം കാണിച്ചതായി സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം ഒരിക്കലും കുറച്ച് കാണുന്നില്ലെന്നും എന്നാൽ, കോവിഡ് ബാധിതയായ ഒരു ഉദ്യോഗസ്ഥയെ സാങ്കേതികത്വത്തിന്‍റെ പേരിൽ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിക്കേണ്ടിവരുമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. താനൂരിലെ സ്കൂൾ അധ്യാപികയായ പി.സി. ബീജയുടെ പരാതിയിലാണ് ഉത്തരവ്. കമീഷൻ മലപ്പുറം ജില്ല കലക്ടറിൽനിന്ന്​ റിപ്പോർട്ട് വാങ്ങി. 2021 ഏപ്രിൽ ആറിന്​ നടന്ന നിയമസഭ തെരഞ്ഞടുപ്പിൽ ജില്ലയിൽ ജോലിക്ക് ഹാജരാകാത്ത 26 ജീവനക്കാരെ കലക്ടർ സസ്പപെൻഡ്​ ചെയ്തിരുന്നു. പിന്നീട് ഇവരെയെല്ലാം ജോലിയിൽ തിരിച്ചെടുത്തു. മുൻകൂർ അനുമതി വാങ്ങാതെ തെരഞ്ഞെടുപ്പ് ജോലിയിൽനിന്ന് വിട്ടുനിന്നതിനാണ്​ നടപടി സ്വീകരിച്ചതെന്നായിരുന്നു റിപ്പോർട്ട്​. ജോലിക്ക് ഹാജരാകാത്തതിന്‍റെ കാരണം സ്ഥാപന മേധാവി മുഖേന ജില്ല കലക്ടറെ അറിയിക്കാത്തത് പരാതിക്കാരിയുടെ വീഴ്ചയാണെന്ന് കലക്ടർ അറിയിച്ചു. എന്നാൽ, പരാതിക്കാരി കോവിഡ് പോസിറ്റിവാണെന്ന വിവരം മാർച്ച് 24ന് തന്നെ റിട്ടേണിങ്​ ഓഫിസറെ ഇ-മെയിൽ വഴിയും ഫോണിലും അറിയിച്ചതായി പരാതിക്കാരി കമീഷനെ ബോധ്യപ്പെടുത്തി. കോവിഡ് ബാധിച്ചത്​ ദൂതൻ വഴി കലക്ടറെ അറിയിക്കുന്നത് അപ്രായോഗികമാണ്. സ്ഥാപന മേധാവി അറിയിച്ചില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് സസ്പെൻഡ്​ ചെയ്തത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. പരാതിക്കാരിയെ തിരിച്ചെടുത്ത സാഹചര്യത്തിൽ കമീഷൻ മേൽനടപടികൾ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.