ഒരു രൂപയിട്ടാല്‍ ഒരു ലിറ്റര്‍ കുടിവെള്ളം ലഭിക്കുന്ന പദ്ധതി നടപ്പാക്കും എരുമപ്പെട്ടി: കൃഷി, മാലിന്യ സംസ്കരണം, കുടിവെള്ളം, ആരോഗ്യം എന്നിവക്ക് പ്രാമുഖ്യം നൽകുന്ന 2022-23 വർഷത്തെ കടങ്ങോട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 65,37,326 രൂപ പ്രാരംഭ ബാക്കിയും 29,48,43,013 രൂപ വരവും 30,13,80,339 രൂപ പ്രതീക്ഷിത വരുമാനവും 29,85,74,543 രൂപ ചെലവും 28,05,796 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമൻ അവതരിപ്പിച്ചത്. ഗ്രാമീണ ടൂറിസം, എ.ടി.എം കുടിവെള്ളം, സമ്പൂർണ സ്ട്രീറ്റ് ലൈന്‍, പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവക്കും സ്മാര്‍ട്ട് കൃഷിഭവന്‍, പച്ചക്കറിക്ക് താങ്ങുവില സബ്സിഡി തുടങ്ങിയ നൂതന പദ്ധതികള്‍ക്കും ബജറ്റിൽ തുക മാറ്റിവെച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ പൗരന്മാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാൻ 10 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഒരു രൂപയിട്ടാല്‍ എ.ടി.എമ്മിലൂടെ ഒരു ലിറ്റര്‍ കുടിവെള്ളം ലഭിക്കുന്ന പദ്ധതിക്ക് എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് കേന്ദ്രങ്ങളിലാണ് എ.ടി.എം സ്ഥാപിക്കുന്നത്. കര്‍ഷകരുടെ ഉൽപന്നങ്ങള്‍ക്ക് താങ്ങുവില നല്‍കാൻ ആറ് ലക്ഷം രൂപ വകയിരുത്തി. പ്രവാസികള്‍ക്കും വനിതകള്‍ക്കും സ്വയം തൊഴില്‍ സഹായത്തിനും പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. പൊതു വൈദ്യുതി ശ്മശാനം നിർമിക്കാൻ കിഫ്ബിക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അംഗങ്ങളായ രമണി രാജൻ, ടി.പി ലോറൻസ്, രമ്യ ഷാജി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. അക്കൗണ്ടന്റ് എം.പി. പ്രകാശ് സ്വാഗതവും അസി. സെക്രട്ടറി ഐ.ബി. ഷൈനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.