നാൽപത് കിലോമീറ്റർ കാൽനടയാത്ര; ദുരിതപർവം താണ്ടി മെഹ്ഷാബ് നാടണഞ്ഞു

കാളികാവ്: യുദ്ധത്തിന്‍റെ ഭീകരമുഖം നേരിൽകണ്ട് യു​ക്രെയ്​നിൽനിന്ന്​ മെഹ്ഷാബ് നാടണഞ്ഞു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ വാളാഞ്ചിറപ്പടിയിൽ വാളാഞ്ചിറ അബൂബക്കറിന്‍റെ മകൻ മെഹ്ഷാബാണ് ക്ലേശങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച പുലർച്ച നാട്ടിലെത്തിയത്. യുക്രെയ്​നിൽ ടർനോപിൽ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ടർനോപിൽനിന്ന് പോളണ്ട് അതിർത്തി വഴിയാണ് രക്ഷപ്പെട്ടത്. പടിഞ്ഞാറൻ യുക്രെയ്​നിലായിരുന്നു മെഹ്ഷാബ് താമസം. കിഴക്കൻ യുക്രെയ്​നിലാണ് രൂക്ഷയുദ്ധം നടക്കുന്നത്. 24ന് നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റ് എടുക്കുകയും കീവിലേക്ക് ​ട്രെയിനിൽ യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ, പകുതി ദൂരം പിന്നിട്ടപ്പോൾ വിമാനം റദ്ദാക്കിയതായി വിവരം കിട്ടി. ഉടൻ തിരികെപ്പോന്നു. ഇന്ത്യൻ എംബസി മുഖേന പോളണ്ടിലൂടെ രക്ഷപ്പെടാൻ തീരുമാനിച്ചു. എന്നാൽ, യാത്രാമധ്യേ കുരുക്കിൽപെടുകയും നാൽപത് കിലോമീറ്റർ ദൂരം നടക്കേണ്ടിവരുകയും ചെയ്തു. വഴിയിൽ യുക്രെയ്​ൻ ജനത ഭക്ഷണവും വെള്ളവും താമസസൗകര്യവും നൽകിയതായി മെഹ്ഷാബ് പറഞ്ഞു. പോളണ്ട്​ അതിർത്തിയിൽ യുക്രെയ്​ൻ പട്ടാളക്കാർ മോശമായാണ്​ പെരുമാറിയത്​. ഇതിനാൽ ഒരുദിവസം യാത്ര മുടങ്ങി. ഇന്ത്യൻ എംബസി രണ്ടാം ദിവസം ഇടപെട്ടതിനെ തുടർന്നാണ് യാത്രക്ക്​ അവസരം കിട്ടിയത്. പോളണ്ടിൽനിന്ന് കേന്ദ്രസർക്കാർ ഡൽഹിയിൽ എത്തിച്ചു. അവിടെനിന്ന്​ നെടുമ്പാശ്ശേരിയിലേക്ക്​ കേരള സർക്കാർ മെഹ്ഷാബ്​ ഉൾപ്പെടെയുള്ള വിദ്യാർഥികളെ എത്തിച്ചു. മകൻ തിരിച്ചെത്തിയതിന്‍റെ ആഹ്ലാദത്തിലാണ് പിതാവ് അബൂബക്കറും മാതാവ് റംലത്തും സഹോദരങ്ങളും. മുഹമ്മദ് മെഹ്ഷാബ് മാളിയേക്കലിലെ വീട്ടിൽ kkv Ukrain mehshab .jpg kkv mehshab Ukrain .jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.