കാല്‍ നൂറ്റാണ്ടിന്‍റെ മികവുമായി മങ്കട ഇൻഡിപെൻഡൻസ് സോക്കര്‍ ക്ലബ്

മങ്കട: കാല്‍പന്തുകളിയില്‍ ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച മങ്കട ഇന്‍ഡിപെൻഡന്‍സ് സോക്കര്‍ ക്ലബ് 25 വര്‍ഷം പൂര്‍ത്തീകരിക്കുന്നു. ഒരുവര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ശനിയാഴ്ച രക്തദാനം നടന്നു. 70 കഴിഞ്ഞ കളിക്കാരെ ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, ശുചീകരണം, പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. 1997 ഫെബ്രുവരി രണ്ടിന് ഹംസ തയ്യില്‍ അധ്യക്ഷനായ ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ താരം എം.എം. ജേക്കബാണ് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍ ഫുട്‌ബാള്‍ താരവും പൊതുപ്രവര്‍ത്തകനുമായ ഉമ്മര്‍ തയ്യില്‍ പ്രസിഡന്റായും അജിത് കുമാര്‍ സെക്രട്ടറിയായും മുന്‍ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി ക്യാപ്റ്റനും കെ.എസ്.ഇ.ബി താരമായിരുന്ന സുരേന്ദ്രന്‍ മങ്കട വൈസ് പ്രസിഡന്റായും ക്ലബിന് തുടക്കം കുറിച്ചു. ജില്ല ഡിവിഷന്‍ ലീഗില്‍ ഡി ഡിവിഷന്‍ തൊട്ട് എ ഡിവിഷന്‍ വരെ എത്തി എല്ലാ ഡിവിഷനിലും ചാമ്പ്യന്‍സായ ഇന്‍ഡിപെന്‍ഡന്റ് സോക്കര്‍ ക്ലബ് ഫുട്ബാളില്‍ നിറഞ്ഞു നിന്നു. ജില്ലക്കുവേണ്ടിയും കേരളത്തിനുവേണ്ടിയും ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിക്കുവേണ്ടിയും സെവന്‍സ് ഫുട്ബാളിലും നിറഞ്ഞുനില്‍ക്കുന്ന ഒരുപാട് കളിക്കാര്‍ക്ക് ജന്മം നല്‍കിയ ക്ലബാണ്. നാടിന്റെ വികസനത്തിന്​ വേണ്ടിയും ജീവകാരുണ്യ മേഖലയിലും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ശറഫുദ്ദീന്‍ മണിയറയില്‍ (പ്രസി.), ടി. ഫിറോസ് (സെക്ര.), അജിത്, ഹാരിസ് പറച്ചിക്കോട്ടില്‍ (വൈസ് പ്രസി.), നിഹ്‌മത് തയ്യില്‍, ഹഫീദ് പറച്ചിക്കോട്ടില്‍ (ജോ. സെക്ര.), ആരിഫ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.