ആരും കയറാതെ പകൽവീട്

ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസം തുറന്നുകിടന്ന പകൽവീട് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ് കരുവാരകുണ്ട്: ഒരുഭാഗത്ത് ക്ലബ് ഓഫിസ്. നേർ മുന്നിൽ പൊതുശൗചാലയം. അകത്താവട്ടെ വെള്ളവുമില്ല. 60 പിന്നിട്ടവർക്കായി ലക്ഷങ്ങൾ മുടക്കി ഗ്രാമപഞ്ചായത്ത് പണിത പകൽവീടിന്‍റെ അവസ്ഥയാണിത്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസം തുറന്നുകിടന്ന ഈ വീട് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. 2017-18, 18-19 വാർഷിക പദ്ധതിയിലാണ് മുതിർന്ന പൗരന്മാർക്ക് കൂടിയിരിക്കാനും വിനോദത്തിനുമായി ചേറുമ്പ് ഇക്കോ വില്ലേജ് പരിസരത്ത് പകൽവീട് തുറന്നത്. വിശ്രമമുറി, പത്രങ്ങൾ, ടി.വി, ഫർണിച്ചറുകൾ എന്നിവ ഇവിടെ ഉണ്ടായിരുന്നു. പഞ്ചായത്ത് സീനിയർ സിറ്റിസൺസ് കമ്മിറ്റിക്കായിരുന്നു നടത്തിപ്പ്​ ചുമതല. 2018ൽ തുറന്ന വീട് ആറുമാസത്തോളം സജീവമായിരുന്നു. കോവിഡ് രൂക്ഷമായതോടെയാണ് അടഞ്ഞത്. എന്നാൽ, പിന്നീട് ഇതിനോട് ചേർന്ന്​ ക്ലബ് പ്രവർത്തകർ താൽക്കാലിക ഓഫിസ് നിർമിച്ചു. ഇതിന്‍റെ മുറ്റത്ത് മുഖ്യമന്ത്രിയുടെ 100 ഇന കർമപദ്ധതിയിൽ പൊതുശൗചാലയവും പണിതു. ഇതോടെയാണ് മുതിർന്ന പൗരന്മാർ പകൽവീട് വേണ്ടെന്നുവെച്ചത്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഗൗനിച്ചില്ല. ആരും വരാതായതോടെ കാടുകയറിയും പൊടിപിടിച്ചും വരാന്ത അന്യാധീനപ്പെട്ടും കിടക്കുകയാണ് പകൽവീട്. 'ഞങ്ങൾക്ക് സ്വസ്ഥമായിരിക്കാനുള്ള സാഹചര്യം അവിടെയില്ല. ഞങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഗ്രാമപഞ്ചായത്ത് പരിഗണിച്ചാൽ പകൽവീട് സംരക്ഷിക്കും' എന്നാണ് സീനിയർ സിറ്റിസൺസ് പഞ്ചായത്ത് സെക്രട്ടറി കുഞ്ചു കുന്നക്കാവിൽ പറഞ്ഞത്. ......................... mn krkd pakalveed കരുവാരകുണ്ട് ചേറുമ്പ് ഇക്കോ വില്ലേജ്​ പരിസരത്തെ പകൽവീട് അന്യാധീനപ്പെട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.