മറഞ്ഞത് മണ്ണി​െൻറ മണമുള്ള ജൈവ മനുഷ്യൻ

പയ്യന്നൂർ: കാനായിയിലെ അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ എന്ന കര്‍ഷകന്‍ വിട പറയുമ്പോള്‍ മറയുന്നത് ചേറും ഹരിതകവും സമന്വയിച്ച ഒരുകാലം കൂടിയാണ്. ജില്ലയിലെ തന്നെ ഏറ്റവും വലിയ നെല്‍വയലുകളില്‍ ഒന്നാണ് പയ്യന്നൂർ നഗരസഭയിലെ കാനായി പാടശേഖരം. ഈ പാടത്തിലെ പച്ചപ്പി​ൻെറ സൗന്ദര്യം ഹൃദയത്തിൽ ഏറ്റുവാങ്ങി എന്നതാണ് പൊതുവാൾ എന്ന പച്ച മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.

നെല്ലറയായ കാനായിയിൽ അടക്കയും തേങ്ങയും കുരുമുളകും റബറും തുടങ്ങി സമ്മിശ്ര കൃഷിരീതി പരീക്ഷിച്ച് വിജയിച്ചു എന്നതും പൊതുവാളി​ൻെറ മണ്ണുമായുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു. നാട്ടിലെ സമ്പന്ന കര്‍ഷകരിലൊരാളാണെങ്കിലും എളിമയുള്ള രൂപവും വേഷവും പെരുമാറ്റവുമായിരുന്നു ഇദ്ദേഹത്തി​ൻെറ മുഖമുദ്ര. വയൽച്ചേറി​ൻെറ നിറമുള്ള ഒരൊറ്റ തോര്‍ത്തുമുണ്ടാണ് എന്നും കാണുന്ന വേഷം. വയലിലെ പണി ക‍ഴിഞ്ഞ് കയറിവന്ന ഒരാളെപ്പോലെയാണ് കല്യാണ വീട്ടിലും മരണവീട്ടിലും കളിയാട്ടക്കാവുകളിലുമെല്ലാം അദ്ദേഹത്തെ കണ്ടിരുന്നത്. അർധനഗ്നനായ ഗാന്ധിജിയെ ഏറെ ഇഷ്​ടപ്പെട്ടയാളായിരുന്നു അദ്ദേഹം.

വേഷത്തില്‍ ഗാന്ധിയെക്കാള്‍ വലിയ ഗാന്ധിയനായിരുന്നു. കമ്യൂണിസ്​റ്റ്​ ഗ്രാമമായ കാനായി നാട്ടില്‍ എല്ലാവരും ആദരവോടെ മാത്രം നോക്കിക്കണ്ടിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു പൊതുവാള്‍ എന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബിജു മുത്തത്തി പറയുന്നു. സോഷ്യലിസ്​റ്റായായിരുന്നു രാഷ്​ട്രീയ പ്രവേശം. തുടർന്ന് കോൺഗ്രസ് ആയി. കോൺഗ്രസിൽ കെ. കരുണാകരൻ ഉൾപ്പെടെയുള്ള പഴയ നേതാക്കളുമായി മാത്രമല്ല പുതിയ തലമുറയിലെ നേതാക്കളുമായും അടുത്ത ബന്ധം പുലർത്താൻ അദ്ദേഹത്തിന് സാധിച്ചു. സി.പി.എം സംസ്ഥാന, പ്രാദേശിക നേതാക്കളും പൊതുവാളിന് പ്രിയപ്പെട്ടവരായിരുന്നു. എ.കെ. ആൻറണി കേന്ദ്ര പ്രതിരോധ മന്ത്രിയായി പയ്യന്നൂരിലെത്തിയപ്പോൾ വയൽചേറു പുരണ്ട തോർത്തുമുണ്ടുടുത്ത് വേദിയിൽ കയറി കുശലം പറയാൻ ഒരു സുരക്ഷാകവചവും തടസ്സമായില്ല. നാടി​ൻെറ പാരമ്പര്യവീഥികളിലൂടെ സഞ്ചരിച്ച നാട്ടുനന്മയുടെ ഓർമകൾ കൊണ്ടുനടന്ന കാരണവരാണ് കാനായിക്ക് നഷ്​ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.