സഹോദരങ്ങളിലൂടെ കാവനൂരിലേക്ക് വീണ്ടും സ്വർണമെഡൽ

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ കാവനൂരിലേക്ക് സഹോദരങ്ങളിലൂടെ വീണ്ടും സ്വർണമെഡലെത്തി. കാവനൂർ ഇരുവേറ്റി സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസിലെ വർഷ, സഹോദരി എറണാകുളം കോതമംഗലം എം.എ സ്പോർട്​സ്​ അക്കാദമിയിലെ അഷിക എന്നിവരാണ് സംസ്ഥാന ഇന്‍റർക്ലബ് അത്​ലറ്റിക്സ് ചാമ്പ്യൻഷിപ് ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. ഇരുവരും സി.എച്ച്.എം.കെ.എം.എച്ച്. എസ്.എസിലെ കായികാധ്യാപകൻ ഇസ്മയിൽ എന്ന ഇപ്പുവിന്‍റെ കീഴിലാണ് പരിശീലനം നടത്തിയിരുന്നത്. പ്ലസ്ടു പഠനം കഴിഞ്ഞതോടെ അഷിക എറണാകുളത്തേക്ക് മാറി. കായികരംഗത്ത്​ വലിയ പേരും പെരുമയുമില്ലാതിരുന്ന കാവനൂരിലേക്ക് 2016ലാണ്​ കായികാധ്യാപകനായി ഇസ്മയിൽ എത്തിയത്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ നിരവധി കായിക താരങ്ങൾ വളർന്നുവന്നു. അദ്ദേഹം മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറിയതോടെ നൗഷാദാണ് ഇപ്പോഴത്തെ പരിശീലകൻ. ഇരുവേറ്റിയിൽനിന്ന്​ 19 കുട്ടികളാണ് ഇത്തവണ മാറ്റുരച്ചത്. സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ ഇവർ സ്വന്തമാക്കി. കൂലിപ്പണിക്കാരനായ കുഞ്ഞുട്ടന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ വിദ്യ കലയുടെയും മക്കളാണ് വർഷയും അഷികയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.