തീർഥാടന വേളയിൽ ഹാജിമാർക്ക്​ ഭക്ഷണം നൽകുന്നത്​ പരിഗണനയിൽ

മലപ്പുറം: ഹജ്ജ്​ വേളയിൽ തീർഥാടകർക്ക്​ ഭക്ഷണം നൽകുന്നത്​ പരിഗണനയിൽ. നിലവിൽ ഹാജിമാർക്ക്​ ഭക്ഷണച്ചെലവിനുള്ള പണം നൽകുകയാണ്​ ചെയ്യുന്നത്​. ഇതിന്​ പകരം ഭക്ഷണം വിതരണം ചെയ്യാനാകുമോ എന്നാണ്​ പരിശോധിക്കുന്നത്​. പുതിയ ഹജ്ജ്​ നയവുമായി ബന്ധപ്പെട്ട്​ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി നടത്തിയ ചർച്ചയിൽ ഈ വിഷയവും അംഗങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്നാണ്​ മറ്റ്​ രാജ്യക്കാർ ​പിന്തുടരുന്ന രീതിയിൽ ഭക്ഷണം കാറ്ററിങ്​ സ്ഥാപനങ്ങളെ ഉപയോഗിച്ച്​ വിതരണം ചെയ്യുന്നതിനുള്ള സാധ്യത വിലയിരുത്തുന്നത്​. ഹജ്ജ്​ നയവുമായി ബന്ധപ്പെട്ട്​ രൂപവത്​കരിക്കുന്ന സമിതിക്ക്​ ഈ നിർദേശം കൈമാറും. ഈ വർഷം ഹജ്ജ്​ വേളയിൽ ഇന്ത്യൻ തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ്​ പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന്​ മൂന്ന്​ നേരം ഭക്ഷണം പാകം ചെയ്യുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ്​ അടുത്ത വർഷം മുതൽ ഭക്ഷണം നേരിട്ട്​ നൽകുന്ന രീതി പരിശോധിക്കുന്നത്​. നിലവിൽ വിവിധ രാജ്യങ്ങൾ ഈ രീതി പിന്തുടരുന്നുണ്ട്​. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ രീതി വ്യത്യസ്തമായതിനാൽ ഒരേ ഭക്ഷണം നൽകാൻ സാധിക്കില്ല. അതിനാൽ ഓരോ സംസ്ഥാനങ്ങൾക്കും അനു​യോജ്യമായ ഭക്ഷണം കാറ്ററിങ്​ സ്ഥാപനങ്ങളെ പ്ര​യോജനപ്പെടുത്തി വിതരണം ചെയ്യാനാണ്​ ശ്രമം. പുതിയ രീതി ആരംഭിച്ചാൽ തീർഥാടകരുടെ കൈയിൽ പണം നൽകുന്നത്​ ഇല്ലാതാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.