ഇസ്​ലാമിക ച​രിത്രഭൂമികളിലേക്ക്​ തീർഥാടനം: കേന്ദ്ര ഹജ്ജ്​ കമ്മിറ്റി സമിതിയെ നിയോഗിച്ചു

മലപ്പുറം: ഹജ്ജ്​ കർമത്തിന്​ പുറമെ വിവിധ രാജ്യങ്ങളിലെ ഇസ്​ലാമിക ചരിത്ര ഭൂമികളിലേക്കുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ചെലവ്​ കുറഞ്ഞ രീതിയിൽ യാത്ര സാധ്യമാക്കുന്നതിനുമായി കേന്ദ്ര ഹജ്ജ്​ കമ്മിറ്റി സമിതിയെ നിയോഗിച്ചു. വിഷയം പഠിക്കാൻ രാജസ്ഥാനിൽനിന്നുള്ള അംഗമായ ഹിദായത്തുല്ല ദൗളിയയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര ഹജ്ജ്​ കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി 'മാധ്യമ'ത്തോട്​ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ്​ വിഷയം പഠിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കുക. ഉംറ തീർഥാടനം, ഫലസ്തീൻ, ഇറാൻ, ഇറാഖ്​ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്​ലാമിക ചരിത്രഭൂമിയിലേക്കുള്ള തീർഥാടനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ കേന്ദ്ര ഹജ്ജ്​ കമ്മിറ്റിക്ക്​ എന്ത്​ ചെയ്യാനാകുമെന്നത്​ പഠിക്കുന്നതിനാണ്​ സമിതിയെ നിയോഗിച്ചത്​. അടുത്ത യോഗത്തിൽ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ നിർദേശിച്ചിരിക്കുന്നത്​. 2022ലെ ഹജ്ജ്​ ക്യാമ്പ്​ പ്രവർത്തനവും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേർന്ന ഹജ്ജ്​ കമ്മിറ്റി യോഗം പ്രാഥമികമായി വിലയിരുത്തി. വിശദമായ അവലോകനം അടുത്ത മാസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേരും. അടുത്ത വർഷം മുതൽ നടപ്പാക്കേണ്ട പുതിയ ഹജ്ജ്​ നയത്തെ സംബന്ധിച്ച്​ യോഗത്തിൽ കമ്മിറ്റി അംഗങ്ങളിൽനിന്ന്​ അഭിപ്രായം തേടി. ഇവ ന്യൂനപക്ഷ മന്ത്രാലയം രൂപവത്​കരിക്കുന്ന വിദഗ്​ധ കമ്മിറ്റിക്ക്​ മുന്നിൽ സമർപ്പിക്കും. നിലവിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവർക്കായി നീക്കിവെച്ച സർക്കാർ ക്വോട്ടയായ 500 സീറ്റുകൾ ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നെങ്കിലും അംഗങ്ങൾ എതിർപ്പ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.