'ഓർമകളിലേക്ക്​ ലാൻഡ്​​' ചെയ്ത്​ സാദിഖലി ശിഹാബ്​ തങ്ങളും എ. വിജയരാഘവനും

'ഓർമകളിലേക്ക്​ ലാൻഡ്'​​ ചെയ്ത്​ സാദിഖലി ശിഹാബ്​ തങ്ങളും എ. വിജയരാഘവനും നേതാക്കളുടെ സംഗമമായി മലപ്പുറം ഗവ. കോളജ്​ സുവർണജൂബിലി ഗ്ലോബൽ അലുമ്​നി മീറ്റ്​ മലപ്പുറം: രാഷ്ട്രീയ തിരക്കുകൾ മാറ്റിവെച്ച്​ യൗവനകാലത്ത്​ ഹൃദയത്തിൽ പതിഞ്ഞ ഓർമകൾ പങ്കുവെക്കാൻ കലാലയ മുറ്റത്ത് അവർ വീണ്ടുമെത്തി​. മലപ്പുറം ഗവ. കോളജ്​ സുവർണജൂബിലിയുടെ ഭാഗമായി ഗ്ലോബൽ അലുമ്​നി സംഗമം 'ഓർമകളിലേക്കൊരു ലാൻഡിങ്​' പരിപാടിയിലാണ്​ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളുടെ കൂടിച്ചേരലിനുകൂടി വേദിയായത്​. മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ്​ തങ്ങൾ, എൽ.ഡി.എഫ്​ കൺവീനറും മുൻ എം.പിയുമായ എ. വിജയരാഘവൻ എന്നിവരാണ്​ സംഗമത്തിനെത്തിയ പ്രമുഖർ​. എല്ലാ ക്ലാസുകളിലും പ്രസംഗിച്ച്​ നടക്കുന്ന വിദ്യാർഥിയായാണ്​ എ. വിജയരാഘവനെ ഓർമിക്കുന്നതെന്ന്​ സാദിഖലി ശിഹാബ്​ തങ്ങൾ പറഞ്ഞു. കോളജിലെ സംഘർഷകാലത്ത്​ എല്ലാവരെയും വീടുകളിലേക്ക്​ എത്തിക്കുന്ന പ്രവർത്തനം നടത്തുന്നതിനിടെ കോളജ്​ കവാടത്തിന്​ സമീപം ശാന്തതയോടെ പുഞ്ചിരിച്ച്​ നിൽക്കുന്ന സാദിഖലി തങ്ങളാണ്​ ഓർമയിലെന്ന്​ എ. വിജയരാഘവൻ പറഞ്ഞു. 1979-81 കാലത്ത്​ ആദ്യ സയൻസ്​ ബാച്ചിലെ വിദ്യാർഥിയായിരുന്നു സാദിഖലി ശിഹാബ്​ തങ്ങൾ. 1978-81 കാലത്ത്​ ബി.എ ഇസ്​ലാമിക്​ ഹിസ്റ്ററി വിദ്യാർഥിയായിരുന്ന വിജയരാഘവൻ ഒന്നാം റാങ്കോടുകൂടിയാണ്​ കോളജിൽനിന്ന്​ പുറത്തിറങ്ങിയത്​​. കലാലയ ജീവിതവും കൗമാര ഓര്‍മകളും നമുക്ക് പകരുന്ന ഊർജം ചെറുതല്ലെന്നും മനുഷ്യജീവിത്തിലെ ഏറ്റവും അനുഭവവേദ്യമായ കാലമാണ് പഠനകാലമെന്നും സാദിഖലി ശിഹാബ്​ തങ്ങൾ പറഞ്ഞു. കലാലയത്തിൽനിന്ന്​ ലഭിക്കുന്ന ഓരോ നിമിഷവും മുമ്പോട്ടുള്ള ജീവിതത്തിന്‍റെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ രൂപപ്പെടുത്തിയത് ഈ​ കോളജാണെന്നും അത്​ ഈ നാടിന്‍റെ സംസ്കാരമാണെന്നും ആ സംസ്കാരം സഹിഷ്ണുതയാണെന്നും എ. വിജയരാഘവൻ പറഞ്ഞു​. എല്ലാ ഒത്തുചേരലുകളും വർത്തമാനകാലത്തെ വിഹ്വലതകളെ മുറിച്ചു കടക്കുന്നതിനായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിന്‍റെ ആദ്യബാച്ചിലെ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു. ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ഡോ. ഷാഫി, ഡോ. പി. ഹാറൂൺ, ഇമ്പിച്ചിക്കോയ എന്നീ അധ്യാപ​കരെയാണ്​ ആദരിച്ചത്​. മുൻ എസ്​.പിയും അലുമ്നി അസോസിയേഷൻ പ്രസിഡന്‍റുമായ യു. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അലുമ്​നി സെക്രട്ടറി ഡോ. പി.കെ. അബൂബക്കർ, പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ, പൂർവ വിദ്യാർഥികളായ ടി.വി. ഇബ്രാഹീം എം.എൽ.എ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, മൊയ്തീൻ തോട്ടശ്ശേരി, ഡോ. ഷക്കീല എന്നിവർ പ​ങ്കെടുത്തു. --------------box--------------- വേണം ഒരു സുവർണജൂബിലി കെട്ടിടം 1969ൽ ജില്ല രൂപീകൃതമായ സമയത്ത്​ സിവിൽ സ്​റ്റേഷൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ മുണ്ടുപറമ്പിലെ കെട്ടിടം സ്ഥാപിച്ചത്​. എന്നാൽ, പിന്നീട്​ കോളജ്​ കെട്ടിടമാക്കി മാറ്റുകയായിരുന്നു. അതുവരെ കോട്ടപ്പടിയിൽ ടീച്ചേഴ്​സ്​ ട്രെയിനിങ്​ ഇൻസ്റ്റിറ്റ്യൂട്ടിലും താലൂക്ക്​ ആശുപത്രിയിലുമായിരുന്നു കോളജ്​ പ്രവർത്തിച്ചിരുന്നത്​. കെട്ടിടം ശോച്യാവസ്ഥമൂലം മഴ പെയ്താൽ ചോർന്ന്​ ഒലിക്കുകയാണെന്നും സുവർണജൂബിലി കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ പ്രസംഗത്തിൽ പറഞ്ഞു. പൂർവവിദ്യാർഥികളായ സാദിഖലി ശിഹാബ്​ തങ്ങൾക്കും എ. വിജയരാഘവനും നിവേദനവും നൽകി. സിൽവര്‍ ജൂബിലി കോംപ്ലക്‌സ് നിർമിക്കുന്നതിന്​ കാര്യമായി ഇടപെടുമെന്നും ഇരുവരും ഉറപ്പുനല്‍കി. m3ma1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.