പെരിന്തൽമണ്ണ ജില്ല ആശുപത്രി രക്തബാങ്കിന് സംസ്ഥാന പുരസ്‌കാരം

പെരിന്തല്‍മണ്ണ: ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ രക്തബാങ്കിന് തുടര്‍ച്ചയായി അഞ്ചാം തവണയും സംസ്ഥാന പുരസ്‌കാരം. ദേശീയ സന്നദ്ധ രക്തദാന ദിനാചരണ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഗവ. ആശുപത്രി / ജില്ല ആശുപത്രി വിഭാഗത്തിലാണ് ലഭിച്ചത്. ദിനാചരണ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും കേരള സ്‌റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ഒക്ടോബറില്‍ ഒരുമാസത്തെ രക്തദാന പ്രചാരണം നടത്തിയത്. ഇക്കാലയളവില്‍ കൂടുതല്‍ രക്തം ശേഖരിച്ച ബാങ്കുകള്‍ക്കാണ് പുരസ്‌കാരം. സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (നാകോ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പെരിന്തല്‍മണ്ണ ജില്ല ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ ചേർന്നാണ്​ പെരിന്തല്‍മണ്ണ രക്തബാങ്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വിവിധ സന്നദ്ധ, രാഷ്ട്രീയ, യുവജന പ്രസ്ഥാനങ്ങളുടെയും ക്ലബുകളുടെയും നേതൃത്വത്തിലാണ് ജില്ല ആശുപത്രി രക്തബാങ്കില്‍ കൂടുതലും രക്തം എത്തിക്കുന്നത്. രക്തബാങ്ക്​ ക്യാമ്പുകളിലൂടെ ദിവസം 100 യൂനിറ്റ് രക്തം വരെ ശേഖരിച്ചിട്ടുണ്ട്. ഒട്ടേറെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളുള്ള പെരിന്തല്‍മണ്ണയിലെ രക്തബാങ്കിൽനിന്ന്​ അതിര്‍ത്തി ജില്ലകളിലേക്കടക്കം രക്തം നല്‍കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.