കാലിക്കറ്റ്​​ വിമാനത്താവളം: റെസ നീളം കൂട്ടാൻ മാർച്ചിനകം ഭൂമി കൈമാറണം

blurb: ഭൂമി ലഭ്യമായില്ലെങ്കിൽ റൺവേ നീളം കുറച്ച്​ റെസ ദീർഘിപ്പിക്കും കരിപ്പൂർ: കാലിക്കറ്റ്​​ വിമാനത്താവളത്തി​ലെ റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിന്​ 2023 മാർച്ചിനകം ഭൂമി കൈമാറിയില്ലെങ്കിൽ റൺ​വേ നീളം കുറച്ച്​ റെസ ദീർഘിപ്പിക്കും. 2020 ആഗസ്റ്റിലെ വിമാനാപകടം അന്വേഷിച്ച എയർക്രാഫ്​റ്റ്​ ആക്സിഡന്‍റ്​ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ്​ റെസ 240 മീറ്ററാക്കാൻ നിർദേശിച്ചത്​. നിലവിൽ 90 മീറ്ററാണ്​ റൺവേയുടെ രണ്ട്​ അറ്റത്തും റെസയുടെ നീളം. റൺവേ 2,860 മീറ്റർ നീളമുണ്ടെങ്കിലും ഇപ്പോൾ 2,700 മീറ്ററാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ബാക്കി 150 മീറ്റർ റെസയായാണ്​ പരിഗണിക്കുന്നത്. ഇതിനുപകരം ഇരുവശത്തും 240 മീറ്റർ നീളത്തിൽ ചതുപ്പുനിലമായി തന്നെ റെസ നിർമിക്കണമെന്നാണ്​ സമിതി ആവശ്യം. കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ്​ ബൻസാൽ, മുൻ വ്യോമസേന മേധാവി ഫാലി ഹോമി മേജർ എന്നിവരടങ്ങിയ സമിതിയാണ്​ സുരക്ഷ നടപടികളുടെ ഭാഗമായി റൺവേ 2,540 മീറ്ററായി കുറച്ച്​ ​റെസ 240 മീറ്ററാക്കണമെന്ന്​ നിർദേശിച്ചത്​. ​റെസ നീളം കൂട്ടുന്നതുവരെ കോഡ്​ ഡി, ഇ ശ്രേണിയിലുള്ള വിമാന സർവിസുകൾ അനുവദിക്കരുതെന്നും ഇവർ നിർദേശിച്ചു. റൺ​വേ നീളം കുറച്ച്​ റെസ ദീർഘിപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയും ജനപ്രതിനിധികൾ അടക്കമുള്ളവർ രംഗത്തിറങ്ങുകയും ചെയ്തതോടെയാണ്​ ഈ തീരുമാനം പിൻവലിച്ചത്​. ഇതോടെ​, നിലവിലുള്ള റൺവേ പൂർണമായി നിലനിർത്തി റെസ നീളം കൂട്ടാൻ തീരുമാനിച്ചു. ഇതിന്​ ഭൂമി ഏറ്റെടുത്ത്​ നൽകുന്നതിന്​ സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു സമിതി ആവശ്യപ്പെട്ടത്​. തുടർന്നാണ്​ അടുത്തവർഷം മാർച്ചിനകം റെസ നീളം കൂട്ടുന്നതിനായി നിരപ്പായ ഭൂമി സർക്കാർ കൈമാറണമെന്ന ആവശ്യം ഉന്നയിച്ചത്​. സമയപരിധിക്കകം ഭൂമി ലഭ്യമായി​ല്ലെങ്കിൽ റൺവേ നീളം കുറച്ച് റെസ നീട്ടും.​ ഇതോടെ അനുബന്ധ സജ്ജീകരണത്തിനുള്ള 20 മീറ്റർ ഉൾപ്പെടെ 320 മീറ്റർ കുറഞ്ഞ്​ റൺവേ 2,540 മീറ്ററാകും. ഇത്​ ഒഴിവാക്കുന്നതിന്​ 18.5 ഏക്കർ ഭൂമി ഏ​റ്റെടുത്ത്​ നൽകുമെന്ന്​ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിജ്ഞാപനം ഇറങ്ങിയിട്ടില്ല. ഭൂമി വിട്ടുനൽകുന്നവർക്ക്​ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മികച്ച നഷ്​ടപരിഹാരവും സംസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.