ഉച്ചഭക്ഷണം: പരിശോധന തകൃതി; അരി കിട്ടാതെ സ്കൂൾ അധികൃതർ

തൃശൂര്‍: ഒരുഭാഗത്ത്​ പരിശോധനയുടെ സമ്മർദം. മറുഭാഗത്ത്​ ഉച്ചഭക്ഷണ മെനുവിലെ പ്രധാന വിഭവമായ ചോറിന്​ അരി കിട്ടാത്ത നെട്ടോട്ടം. ഉച്ചഭക്ഷണത്തിന്‍റെ നിലവാരം വിലയിരുത്താന്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സ്കൂളുകളിലെത്തുമ്പോഴാണ്​ അരി കിട്ടാതെ അധികൃതർ വിഷമിക്കുന്നത്​. ജില്ലയിൽ ഭൂരിഭാഗം മാവേലി സ്റ്റോറുകളിലും സ്കൂൾ ഭക്ഷണത്തിനുള്ള അരി എത്തിയിട്ടില്ല. സ്കൂളുകൾ ഉപജില്ല വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി നേരത്തേതന്നെ ആവശ്യമായ അളവിന്‍റെ കണക്ക്​ നൽകിയിയിരുന്നു. എന്നാൽ, മാവേലി സ്റ്റോറുകളിൽ ചെല്ലുമ്പോൾ അരി എത്തിയിട്ടില്ലെന്ന്​ പറഞ്ഞ്​ തിരിച്ചയക്കുകയാണ്​. ചുരുക്കം മാവേലി സ്റ്റോറുകളിൽ മാത്രമാണ്​ സ്കൂൾ ഉച്ചഭക്ഷണ അരി എത്തിയിട്ടുള്ളത്​. ഉച്ചഭക്ഷണം മുടക്കമില്ലാതെ നൽകേണ്ടതിനാൽ വിപണിയിൽനിന്ന്​ കൂടിയ വിലയ്ക്ക് ​അരി വാങ്ങേണ്ട ഗതികേടിലാണ്​​. പരിശോധനക്ക്​ എത്തുന്ന എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളോട്​ ഇക്കാര്യം പറഞ്ഞിട്ട്​ അനുകൂല നിലപാട്​ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്​. പദ്ധതിക്ക്​ കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്​. പ്രൈമറി വിദ്യാര്‍ഥിക്ക് 4.97 രൂപയും അപ്പര്‍ പ്രൈമറി വിദ്യാര്‍ഥിക്ക് 7.45 രൂപയുമാണ് നിലവിലെ കേന്ദ്ര വിഹിതം. ഉച്ചഭക്ഷണ പാചക നിരക്ക് എല്ലാ വർഷവും പുതുക്കണമെങ്കിലും രണ്ടു വര്‍ഷമായി അതുണ്ടായിട്ടില്ല. കോവിഡാണ്​ കാരണമായി പറയുന്നത്​. അതേസമയം, പദ്ധതിയിലെ കേന്ദ്ര സര്‍ക്കാർ വിഹിതം വര്‍ധിപ്പിക്കുമെന്നാണ്​ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.