സി.ഡബ്ല്യു.സി, ജുവനൈൽ ജസ്റ്റിസ്​ ബോർഡ്​, ബാലാവകാശ കമീഷൻ: അഭിമുഖഫലം വൈകുന്നു

കെ.എം.എം അസ്​ലം മലപ്പുറം: ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി), ജുവനൈൽ ജസ്റ്റിസ്​ ബോർഡ്​, ബാലാവകാശ​ കമീഷൻ എന്നിവയിലേക്ക്​ നടത്തിയ അഭിമുഖത്തിന്‍റെ ഫലം വൈകുന്നു. മാർച്ച്​ 31നാണ്​ ​സി.ഡബ്ല്യു.സി, ജുവനൈൽ ജസ്റ്റിസ്​ ബോർഡ്​ എന്നിവയുടെ കാലാവധി കഴിഞ്ഞത്​. ബാലാവകാശ​ കമീഷനിൽ രണ്ട്​ അംഗങ്ങളുടെ ഒഴിവാണ്​ ഉണ്ടായിരുന്നത്​. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്​ സി.ഡബ്ല്യു.സി, ജുവനൈൽ ജസ്റ്റിസ്​ ബോർഡ്​ എന്നിവിടങ്ങളിലേക്ക്​ അഭിമുഖം നടന്നത്​​. കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവക്കുള്ള കേസുകൾ തീർപ്പാക്കാനുള്ള അധികാരം സി.ഡബ്ല്യു.സിക്കാണ്​​. ജുവനൈൽ ജസ്റ്റിസ്​ ആക്ട്​ പ്രകാരമാണ്​ എല്ലാ ജില്ലകളിലും ശിശുക്ഷേമ സമിതികൾ രൂപവത്​കരിക്കുന്നത്​. കുട്ടികളുടെ സംരക്ഷ​ണവും ശ്രദ്ധയും ഉറപ്പാക്കാനാണ്​ ജുവനൈൽ ജസ്റ്റിസ്​ ബോർഡ്​. സി.ഡബ്ല്യു.സിയിൽ ചെയർമാൻ ഉൾപ്പെടെ അഞ്ചുപേരുടെ ഒഴിവാണ്​ ഓരോ ജില്ലയിലുമുള്ളത്​​. ജുവനൈൽ ജസ്റ്റിസ്​ ബോർഡിൽ ഓരോ ജില്ലയിലും രണ്ട്​ ഒഴിവുമുണ്ട്​. അഭിമുഖ സമയത്ത് ശിശു സംരക്ഷണ മേഖലയിൽ പ്രവൃത്തിപരിചയവും​ യോഗ്യതയുമില്ലാത്തവരെ കണ്ടെത്തിയതിനെ തുടർന്ന്​ അന്നത്തെ വനിത ശിശു വികസന ഡയറക്ടർ ടി. അനുപമ ആലപ്പുഴ, മലപ്പുറം, കാസർകോട്​, കോഴിക്കോട്​ ജില്ലകളിലെ അഭിമുഖം മാറ്റിയിരുന്നു. തുടർന്ന്​ അനുപമക്ക്​ സ്ഥലംമാറ്റമുണ്ടായി. വീണ്ടും നടത്തിയ അഭിമുഖത്തിൽ അയോഗ്യർ ഉൾപ്പെടെ പ​ങ്കെടുത്തത്​ വിവാദമായി. എല്ലാ തസ്തികകളിലും രാ​ഷ്ട്രീയ നിയമനം നടത്താനാണ്​ സാധ്യതയെന്ന ആരോപണമുണ്ട്​. ഭരണ പാർട്ടിയുടെ അഭിഭാഷക സംഘടനകളിൽനിന്നുള്ളവരെയാണ് വർഷങ്ങളായി​ നിയമിക്കുന്നത്​. കഴിഞ്ഞ തവണ സി.ഡബ്ല്യു.സി, ജുവനൈൽ ജസ്റ്റിസ്​ ബോർഡുകളിൽ മുൻതൂക്കം അഭിഭാഷകർക്കായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.